വോഗ് ഇന്ത്യ ലൈഫ്സ്‌റ്റൈല്‍ മാസികയുടെ 'വോഗ് വാരിയേഴ്സ്’ പട്ടികയിൽ കെ.കെ ശൈലജയും

കോവിഡ്-19 പകർച്ചവ്യാധിക്കെതിരായ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വനിതകളെ പരിചയപ്പെടുത്താൻ ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്‌റ്റൈല്‍ മാസികയായ വോഗിന്റെ ഇന്ത്യ പതിപ്പ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് പരമ്പരയിൽ ഇടം നേടി കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജയും.

“പകർച്ചവ്യാധിയിൽ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുന്ന കേരളത്തിന്റെ ആരോഗ്യമന്ത്രിയെ പരിചയപ്പെടൂ,” എന്നാണ് കെ.കെ ശൈലജയെ കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ട്. ഒരു അദ്ധ്യാപികയെന്ന നിലയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച കെ.കെ ശൈലജ മന്ത്രിയായതിന് ശേഷവും ടീച്ചർ എന്ന വിശേഷണത്തോടെ ആണ് അറിയപ്പെടുന്നതെന്ന് ലേഖനത്തിൽ പറയുന്നു. 63 വയസുകാരിയായ കെ.കെ ശൈലജയുടെ ചിട്ടയായ സമീപനവും മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്നുള്ള പ്രവർത്തനവും 2018 ലെ നിപ വൈറസ് ഭീഷണിയെ കൈകാര്യം ചെയ്യുന്നതിൽ വിജയം കണ്ടു, നിലവിലെ കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കെ.കെ ഷൈലജ കേരളത്തെ ഒരിക്കൽ കൂടി മുന്നോട്ട് നയിക്കുകയാണെന്ന് ലേഖനത്തിൽ പറയുന്നു.