കെ. മുരളീധരന് ടി. പി ചന്ദ്രശേഖരന്റെ വീട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്; യു.ഡി.എഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ. കെ രമ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ യു.ഡി.എഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് ആര്‍എംപി നേതാവ് കെ. കെ രമ. യുഡിഎഫിന് ആര്‍എംപി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തിയപ്പോഴാണ് കെ.കെ രമയുടെ പരസ്യ പ്രഖ്യാപനം. ആര്‍.എം.പിയുടെ പിന്തുണ വലിയ ആത്മവിശ്വാസം നല്‍കുന്നെന്ന് മുരളീധരനും പറഞ്ഞു.

വടകര മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ശേഷമായിരുന്നു കെ. മുരളീധരന്‍ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തിയത്. ആര്‍എംപിക്ക് ഏറെ സ്വാധീനമുള്ള വടകര മണ്ഡലത്തില്‍ അവരുടെ പിന്തുണ കരുത്താണെന്ന് കെ.മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിജയത്തിനായി ആര്‍എംപി പിന്നിലുണ്ടെന്ന് രമയും പറഞ്ഞു.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പി. ജയരാജന്‍ എത്തിയതോടെയാണ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കാന്‍ ആര്‍എംപി തീരുമാനിച്ചത്. ആവേശത്തോടെയാണ് ആര്‍എംപി പ്രവര്‍ത്തകര്‍ മുരളീധരനെ സ്വീകരിച്ചത്.