കിഫ്ബി വിവാദം; ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി എൽ.ഡി.എഫ് സര്‍ക്കാര്‍

 

കിഫ്ബി വിവാദത്തില്‍ മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി എൽ.ഡി.എഫ് സര്‍ക്കാര്‍. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്.

സംസ്ഥാന സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ രൂപീകരിച്ച് വിദേശ രാജ്യങ്ങളില്‍നിന്ന് ധനസമാഹരണം നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നിയമോപദേശം തേടിയതെന്നാണ്‌ റിപ്പോർട്ട്.

കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹര്‍ജിയിലാണ് നിയമോപദേശം തേടിയത്. സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം ആരാഞ്ഞതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം നരിമാന്റെ ഓഫീസിന് കൈമാറിയിരുന്നു.