അഴിമതി കേസിൽ പ്രതിയായ ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയാക്കി സർക്കാർ

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രതിയായ ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കി. എണ്‍പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരമായാണ് ശമ്പളം വർദ്ധിപ്പിച്ചതെന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഖാദി ബോര്‍ഡ് ചെയര്‍മാൻ കൂടിയായ വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം എന്നാണ് റിപ്പോർട്ട്.

ഖാദി ബോര്‍ഡിന്റെ ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് സെക്രട്ടറിയായ കെ.എ.രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. ഡയറക്ടര്‍ ബോര്‍ഡിലുള്ള അഞ്ച് അംഗങ്ങളില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് തീരുമാനത്തെ അനുകൂലിച്ചത്. എന്നാല്‍ ചെയര്‍മാനായ മന്ത്രി ഇ.പി ജയരാജന്റെ അഭിപ്രായം പരിഗണിച്ച് ശമ്പളം വർദ്ധിപ്പിക്കുകയായിരുന്നു.

ഖാദി ബോര്‍ഡ് സെക്രട്ടറിയെന്ന നിലയില്‍ കെ.എ രതീഷിന് എണ്‍പതിനായിരം രൂപയാണ് ശമ്പളം. തന്റെ ശമ്പളം കിന്‍ഫ്ര എംഡിക്ക് തുല്യമായി 3.5 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ട് രതീഷ് വൈസ് ചെയര്‍പേഴ്‌സണ് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ പകുതി തുകയായ 1.72 ലക്ഷം ശമ്പളമായി നല്‍കണമെന്നാണ് വൈസ് ചെയര്‍പേഴ്‌സണ്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്.

വ്യവസായ മന്ത്രി ശിപാര്‍ശ അംഗീകരിച്ച് ഫയല്‍ നല്‍കിയെങ്കിലും ഒപ്പിടാന്‍ വ്യവസായ സെക്രട്ടറി തയ്യാറായില്ല. മുന്‍ സെക്രട്ടറിമാരുടെ ശമ്പളം എണ്‍പതിനായിരം രൂപയായതിനാല്‍ ഇരട്ടി ശമ്പളം നല്‍കാനാവില്ലെന്നായിരുന്നു വ്യവസായ സെക്രട്ടറിയുടെ നിലപാട്. തുടര്‍ന്ന് ഖാദി ബോര്‍ഡിനെക്കൊണ്ട് ശമ്പള വർദ്ധന അംഗീകരിപ്പിക്കാനായി ബോര്‍ഡ് അംഗങ്ങള്‍ക്ക് കെ.എ രതീഷ് കത്തു നല്‍കി. ഈ കത്താണ് ഇന്ന് ഡയറക്ടര്‍ ബോര്‍ഡ് പരിഗണിച്ചത്.