വീണ്ടും കേരളയാത്രയുമായി കുമ്മനം;'വികാസ് യാത്ര'യുടെ പര്യടനം രണ്ട് മാസം; 'ഒരു ജില്ലയില്‍ 20 യോഗങ്ങളില്‍ പങ്കെടുക്കും'

വീണ്ടും കേരളയാത്രയ്‌ക്കൊരുങ്ങി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ജനരക്ഷാ യാത്രയ്ക്കു ശേഷം “വികാസ യാത്ര”യ്ക്കാണ് ബി.ജെ.പി ഒരുങ്ങിയിരിക്കുന്നത്. ഈ മാസം 16 മുതല്‍ മാര്‍ച്ച് 15 വരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും വികാസ യാത്ര നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ അറിയിച്ചു. ഓരോ ജില്ലകളിലും രണ്ട്, മൂന്ന് ദിവസം വീതമായിരിക്കും പര്യടനം.

ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുമായി സംസ്ഥാന അധ്യക്ഷന്‍ ആശയവിനിമയം നടത്തും. ഒരു ജില്ലയില്‍ 20 ഓളം യോഗങ്ങളില്‍ കുമ്മനം പങ്കെടുക്കും. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിസ്തൃത പ്രവാസത്തിന്റെ മാതൃകയിലാണ് സംസ്ഥാന അധ്യക്ഷന്റെ പര്യടനവും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും മറ്റ് നേതാക്കളും ഒപ്പമുണ്ടാകുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കുമ്മനം കഴിഞ്ഞ വര്‍ഷം നടത്തിയ ജനരക്ഷായാത്ര ഏറെ ചര്‍ച്ചയായിരുന്നു. യാത്ര ബി.ജെ.പിയ്ക്ക് ഗുണം ചെയ്തുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ അത് പരാജയമായിരുന്നുവെന്ന് സിപിഐഎം ആക്ഷേപിച്ചിരുന്നു. എന്നാല്‍ ബിജെപി ജനരക്ഷയാത്ര തീരും മുമ്പ് തന്നെ എല്‍.ഡി.എഫും അതിനു ശേഷം യുഡിഎഫും കേരളമാര്‍ച്ച് നടത്തിയിരുന്നു.