ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി; സൗദി പൗരന്മാരുടെ വരവ് കുത്തനെ കുറഞ്ഞു

ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി നല്‍കി കേരളത്തിലേക്കുള്ള സൗദി പൗരന്മാരുടെ വരവ് കുത്തനെ കുറഞ്ഞു. വിസക്കായി വിരലടയാളം രേഖപ്പെടുത്തുന്നതുള്‍പ്പെടെ സുരക്ഷാ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ വെച്ചിട്ടുണ്ട്. ഇതാണ് സൗദി പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള വരവ് കുറയാന്‍ കാരണം. എംബസിയിലും അംഗീകൃത കേന്ദ്രങ്ങളിലുമെത്തി നടപടി പൂര്‍ത്തിയാക്കുന്നതിലെ കടമ്പളാണ് സൗദികളെ പിന്‍വലിപ്പിക്കുന്ന മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു

കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെത്തിയത് 56000 സൌദി പൌരന്മാരാണ്. ഈ വര്‍ഷം ഇതുവരെ എത്തിയത് കാല്‍ലക്ഷത്തില്‍ താഴെ മാത്രം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ സൌദിക്ക് മാത്രമായി ഏര്‍പ്പെടുത്തിയ സുരക്ഷാ നിബന്ധനയാണ് ടൂറിസം മേഖലക്ക് തിരിച്ചടിയായത്. ഇതു പ്രകാരം കേരളത്തിലേക്ക് വിസ ലഭിക്കണമെങ്കില്‍ വിരലടയാളമടക്കമുള്ള സുരക്ഷാ ചട്ടങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതിന് ഇന്ത്യന്‍ എംബസിയിലോ വിസ ഫെസിലിറ്റേഷന്‍ സെന്ററിലോ എത്തണം. ഖസീം, ബുറൈദ, ജീസാന്‍, തബൂക്ക്, മക്ക, മദീന എന്നവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് എംബസിയിലേക്കോ തൊട്ടടുത്ത വിഎഫ്എസ് സെന്ററിലേക്കോ എത്താന് ശരാശരി ആയിരം കി.മീ താണ്ടണം.

എല്ലാ രാജ്യങ്ങളിലുമുള്ളതു പോലെ ഒന്നുകില്‍ സുരക്ഷാ പരിശോധന എയര്‍പോര്‍ട്ടിലേക്ക് മാറ്റി യാത്രയുടെ ഭാഗമാക്കണം. അല്ലെങ്കില്‍ കൂടുതല്‍ വിഎഫ്എസ് സെന്ററുകള്‍ അനുവദിക്കണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.