ഇന്ന് മുതല്‍  കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം; പൊലീസ് പരിശോധന ശക്തമാക്കും

Advertisement

സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടും. രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താൻ ആന്‍റിജൻ പരിശോധനകള്‍ വ്യാപകമാക്കും. ആന്‍റിജൻ പരിശോധനക്ക് ഒപ്പം പിസിആര്‍ പരിശോധനയും നടത്തും. തിരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്‍റുമാരായെത്തിയവരെ മുഴുവൻ കോവിഡ് പരിശോധനക്ക് വിധേയമാക്കുവാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി പാലിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്ത് ഇന്നലെ 3502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ഒരാഴ്ചയോളമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരിടത്തും കോവിഡ് മാനദണ്ഡം പാലിക്കാത്തതാണ് കേസുകൾ ഉയരാൻ പ്രധാന കാരണം. വിഷുവും പരീക്ഷകൾ ആരംഭിച്ചതും കാരണം വരുംദിവസളിൽ രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്.

നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു. നടപടിയെടുക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരെയും നിയമിക്കും. ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർ ഒരാഴ്ച്ച ക്വാറന്‍റൈന്‍ കർശനമായി പാലിക്കണം. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. പരീക്ഷാഹാളുകളിലും കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. വാക്സിനേഷൻ ഊർജ്ജിതമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.