ദുരിതപ്പെയ്ത്തില്‍ സംസ്ഥാനത്ത് 78 മരണം; കവളപ്പാറയില്‍ 50 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും മണ്ണില്‍ പുതഞ്ഞ ജീവനുകള്‍ക്കായി 3 ദിവസത്തിനു ശേഷവും തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ 50 പേരെ കുറിച്ചും വയനാട് മേപ്പാടി പുത്തുമലയില്‍ 7 പേരെ കുറിച്ചും ഇപ്പോഴും വിവരമില്ല. കവളപ്പാറയില്‍ 4 പേരുടെയും പുത്തുമലയില്‍ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

പ്രളയത്തിലും ഉരുള്‍പൊട്ടലിലും ആകെ മരണം 78; സര്‍ക്കാര്‍ സ്ഥിരീകരിച്ചത് 72 മരണം. സംസ്ഥാനത്ത് 1639 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇപ്പോള്‍ 2,47,219 പേര്‍; ഏറ്റവുമധികം പേര്‍ മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍.

286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 47.42 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തകരാറിലായി. 12 സബ് സ്റ്റേഷനുകള്‍ മുങ്ങി. 13.24 ലക്ഷം കുടുംബങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍.

മലപ്പുറം കവളപ്പാറയില്‍ മൊത്തം മരണം 13 ആയി. മുതിരക്കുളവന്‍ മുഹമ്മദ് (45), വെട്ടുപറമ്പില്‍ വിക്ടറിന്റെ മകള്‍ അനീന (4), ഭാസ്‌കരന്റെ ഭാര്യ താന്നിക്കല്‍ രാഗിണി എന്നിവരുടെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്ത്രീയുടെയും മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്.

മലപ്പുറം കോട്ടക്കുന്നില്‍ ചാത്തംകുളം ശരത്തിന്റെ ഭാര്യ ഗീതുവിന്റെയും (21) ഒന്നര വയസ്സുള്ള മകന്‍ ധ്രുവന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ശരത്തിന്റെ അമ്മ സരസ്വതി(45)യെക്കുറിച്ചു വിവരമില്ല.

വയനാട് മേപ്പാടി പുത്തുമലയില്‍ പ്രദേശവാസിയായ റാണി (57)യുടെ മൃതദേഹം കൂടി കണ്ടെത്തി. ഇവിടെ ഇതുവരെ ലഭിച്ചത് 9 പേരുടെ മൃതദേഹങ്ങള്‍.

Read more

മഴ കുറഞ്ഞതോടെ കെഎസ്ആര്‍ടിസി ഭൂരിഭാഗം ദീര്‍ഘദൂര സര്‍വീസുകളും പുനഃസ്ഥാപിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികം. കൊച്ചി ഉള്‍പ്പെടെ വിമാനത്താവളങ്ങളെല്ലാം പ്രവര്‍ത്തനസജ്ജം. സര്‍വീസുകള്‍ സാധാരണ നിലയില്‍.