ബിരുദം മറച്ചുവച്ച് ലാസ്റ്റ് ഗ്രേഡ് എഴുതിയവര്‍ കുടുങ്ങും; മൂന്ന് വര്‍ഷത്തേക്ക് ഡീ ബാര്‍ ചെയ്യാന്‍ പിഎസ്‌സി നീക്കം

ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ ബിരുദ യോഗ്യത മറച്ചുവച്ച് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ കുടുങ്ങും. ഇങ്ങനെ എഴുതിവരെ മൂന്ന് വര്‍ഷത്തേക്ക് പിഎസ്‌സി പരിക്ഷ എഴുതുന്നതില്‍ നിന്നും വിലക്കാനാണ് പി.എസ്.സി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം വണ്‍ ടൈം വെരിഫിക്കേഷന്‍ അറിയിപ്പിനൊപ്പം ഉദ്യോഗാര്‍ഥികളെ അറിയിക്കാനും അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തിയതിക്കുമുന്‍പ് ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലം ഉദ്യോഗാര്‍ഥികളെക്കൊണ്ട് പ്രൊഫൈലില്‍ രേഖപ്പെടുത്തി വാങ്ങാനും യോഗം തീരുമാനിച്ചു.

കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സ്പെഷല്‍ റൂളില്‍ പരീക്ഷാ സ്‌കീം സംബന്ധിച്ച നിര്‍ദേശത്തിലെ അവ്യക്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് നിയമനത്തിനുള്ള പി.എസ്.സി. വിജ്ഞാപനങ്ങള്‍ക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷമാണ് പിഎസ്‌സി ഇറക്കിയിരുന്നത്. ഈ തസ്തികയുടെ യോഗ്യത പരിഷ്‌കരിച്ച് വിശേഷാല്‍ചട്ടം സര്‍ക്കാര്‍ ഭേദഗതിചെയ വിജ്ഞാപനംപ്രസിദ്ധീകരിച്ചിരുന്നു.

ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ അടിസ്ഥാനയോഗ്യത ഏഴാം ക്ലാസ് വിജയമാക്കിയാണ് പരിഷ്‌കരിച്ചിരുന്നത്. ചില തസ്തികകള്‍ക്ക് പ്രവൃത്തിപരിചയവും നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗ്യതകള്‍ അനുസരിച്ചായിരിക്കും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പി.എസ്.സി. തയ്യാറാക്കിയത്. എന്നാല്‍ ഈ ഉത്തരവുകള്‍ എല്ലാം ലംഘിച്ചാണ് ആയിരക്കണകണക്കിന് ബിരുദദാരികള്‍ ഇത്തവണ പരീക്ഷ എഴുതുയത്.