ഹാക്ക് ചെയ്ത ട്വിറ്റര്‍ അക്കൗണ്ട് തിരിച്ച് പിടിച്ച് കേരള പൊലീസ്

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തിരിച്ച് പിടിച്ച് കേരള പൊലീസ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ദി കേരള പൊലീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് എന്നാക്കി മാറ്റിയിരുന്നു.

എന്‍എഫ്ടി, ക്രിപ്‌റ്റോ പോലുള്ള ന്യൂജെന്‍ നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് ജനപിന്തുണ നേടിയെടുക്കാനായി കൂടുതല്‍ ഫോളോവേര്‍സുള്ള അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്ന ന്യൂജന്‍ സംഘങ്ങള്‍ സജീവമാണ്. ഇവരാണ് ഇതിന് പിന്നിലെന്നാണ് സംശയം. ഹാക്ക് ചെയ്ത അക്കൗണ്ടില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ എന്‍എഫ്ടി അനുകൂല ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തിരുന്നു.

ട്വിറ്ററില്‍ 3.14 ലക്ഷം ആളുകള്‍ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത്. 2013 സെപ്തംബര്‍ മുതല്‍ സജീവമായ കേരള പൊലീസിന്റെ അക്കൗണ്ടണിത്. കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റുകളെല്ലാം ഹാക്ക് ചെയ്തവര്‍ നീക്കം ചെയ്തിരുന്നു.

പന്ത്രണ്ട് മണിക്ക് മുമ്പ് തന്നെ പൊലീസ് അക്കൗണ്ട് തിരിച്ച് പിടിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.