കേരള പൊലീസിന്റെ 'അടിവസ്ത്രപ്പേടി'

കെ. സുനില്‍ കുമാര്‍

ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ രഘു ഇരവിപേരൂരിനെ അറസ്റ്റ് ചെയ്ത നടപടി പൊലീസിന്റെ വിവരക്കേട് എന്നതിലുപരി കേരളീയ സമൂഹം നേരിടുന്ന സദാചാരപ്പേടിയുടെ ലക്ഷണം കൂടിയാണ്.

കേരളത്തിലും പുറത്തും അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനാണ് രഘു ഇരവിപേരൂര്‍. ദളിത്- ആദിവാസി മേഖലയിലും പരിസ്ഥിതി- മനുഷ്യാവകാശ രംഗത്തുമെല്ലാം സജീവമായി ഇടപെടുന്ന ഒരാള്‍. സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍. തിരുവല്ലയിലും നാടായ ഇരവിപേരൂരിലും എല്ലാം സുപരിചിതനാണ്. കേരളത്തിലെ ബദല്‍ രാഷ്ട്രീയ- സാംസ്‌കാരിക അന്വേഷണങ്ങളുടെ കേന്ദ്രമായിരുന്ന തിരുവല്ലയിലെ ഡൈനമിക് ആക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തകനും ഡൈനമിക് ആക്ഷന്റെ എഡിറ്ററും. തിരുവനന്തപുരം കേന്ദ്രമായി പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കും ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന റൈറ്റ്സിന്റെ പ്രവര്‍ത്തകനുമാണ്. കഴിഞ്ഞ പ്രളയകാലത്ത് ഉള്‍പ്പെടെ ജനങ്ങളുടെ ദുരിതം അകറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുക മാത്രമല്ല, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിലും ദളിത്- ആദിവാസി വിഭാഗങ്ങളോട് കാട്ടിയ അവഗണനയും വിവേചനവും പുറത്തു കൊണ്ടു വരുന്നതിലും രഘുവിന്റെ ഇടപെടലുണ്ടായിരുന്നു. കേരളത്തിലെ പ്രധാന ഭൂസമരങ്ങളില്‍ ഒന്നായ ചെങ്ങറ സമരത്തിലും പങ്കാളിയായിരുന്നു.

ഇത്രയും വിശദമായി പറഞ്ഞത് സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് തിരുവല്ല നഗരസഭയിലെ ഒരു വാര്‍ഡ് മെമ്പര്‍ നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട രഘു ഇരവിപേരൂര്‍ അറിയപ്പെടാത്ത ഒരാളല്ല എന്ന് സൂചിപ്പിക്കുന്നതിനാണ്. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനെയാണ് ഒരു പരാതിയുടെ പേരില്‍ ഞായറാഴ്ച്ച രാത്രി അറസ്റ്റ് ചെയ്തത്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അടിവസ്ത്രം ആവശ്യമുണ്ട് എന്നും സംഭാവനയായി നല്‍കണമെന്നും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നതാണ് അദ്ദേഹത്തിനെതിരായ കുറ്റം. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് ഈ പോസ്റ്റ് എന്നായിരുന്നു തിരുവല്ല നഗരസഭയിലെ വനിത കൗണ്‍സിലര്‍ അജിത ഓഗസ്റ്റ് 11-ന് പൊലീസില്‍ പരാതിപ്പെട്ടത്. പരാതി ലഭിച്ച ഉടന്‍ ഉണര്‍ന്നെഴുന്നേറ്റ തിരുവല്ല പൊലീസ് രഘുവിനെതിരെ സ്ത്രീകളെ അപമാനിച്ചതിന് 119 എ, 120 ഒ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്നറിയുമ്പോഴാണ് സദാചാരപ്പേടിയും പൊലീസിന്റെ അമിതോത്സാഹവും ആത്മാര്‍ത്ഥമായി സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു പൊതുപ്രവര്‍ത്തകനെ കെണിയില്‍ പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാകൂ. രഘുവും ഭാര്യയും തിരുവല്ലക്കടുത്തുള്ള ഇരുവല്ലിപ്ര സെന്റ് തോമസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്നു. ക്യാമ്പിലുണ്ടായരുന്ന ഭാര്യയുടെ സുഹൃത്ത് സ്ത്രീകള്‍ക്ക് ധരിക്കാന്‍ ആവശ്യത്തിന് അടിവസ്ത്രങ്ങളില്ലെന്നും അത് എത്തിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഇതറിഞ്ഞ രഘു ഫെയ്സ്ബുക്കിലൂടെ ക്യാമ്പിലുള്ള 27 സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ചില സുഹൃത്തുക്കള്‍ വസ്ത്രങ്ങളായും പണമായും എത്തിച്ചു കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിലൂടെ താന്‍ എങ്ങനെയാണ് സ്ത്രീകളുടെ മാനം കെടുത്തിയതെന്ന് രഘുവിന് ഇതുവരെ പിടി കിട്ടിയിട്ടില്ല.
കഴിഞ്ഞ പ്രളയകാലത്തും ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ ക്യാമ്പുകളിലേക്ക് സ്ത്രീകളുടെയും കുട്ടികളുടെയും അടിവസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളും എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ജനങ്ങള്‍ ഉദാരമായി വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും എല്ലാം ധാരാളമായി ക്യാമ്പുകളിലേക്ക് അയച്ചു കൊടുത്തിരുന്നു. എന്നാല്‍ അതിനിടയില്‍ മറന്നു പോയത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും സാനിറ്ററി പാഡുകളുമായിരുന്നു. ക്യാമ്പില്‍ ദിവസങ്ങളോളം കഴിഞ്ഞ സ്ത്രീകള്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. ഇത്തവണയും ആ ദുരിതം ആവര്‍ത്തിക്കരുത് എന്ന സദുദ്ദേശത്തോടെ രഘു ഫെയ്സ്ബുക്കിലുടെ അടിവസ്ത്രങ്ങള്‍ എത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചതാണ് സ്ത്രീത്വത്തെ അപമാനിക്കലായി മാറിയത്.

ഏറെ പുരോഗമിച്ചുവെന്ന് അവകാശപ്പെടുന്ന മലയാളി സമൂഹത്തില്‍ ഇപ്പോഴും തുടരുന്ന സദാചാരപ്പേടികളുടെ തുടര്‍ച്ചയാണ് അടിവസ്ത്രത്തെ കുറിച്ച് പറയുന്നത് അപമാനമായി തോന്നുന്നത്. അടിവസ്ത്രമെന്നത് സ്ത്രീയും പുരുഷനും സാധാരണ നിലയില്‍ ധരിക്കുന്ന ഒന്ന് മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതെക്കുറിച്ച് പരസ്യമായി പറയുന്നത് അപമാനകരമായി മാറുന്ന വിചിത്രമായ മനോനിലയാണ് സ്ത്രീകള്‍ക്കിടയിലും പുരുഷന്മാര്‍ക്കിടയിലും ഇപ്പോഴും നിലനില്‍ക്കുന്നത്. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സദാചാരപ്പേടിയുടെ ഭാഗമാണ് ഇതും. ലൈംഗികതയുമായി ബന്ധപ്പെട്ടതിനെയെല്ലാം ഗോപ്യമായി സൂക്ഷിക്കുന്ന ഈ സദാചാരപ്പേടിയുടെ തുടര്‍ച്ചയാണ് അടിവസ്ത്രം, നാപ്കിനുകള്‍, സാനിറ്ററി പാഡുകള്‍, ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍, ആര്‍ത്തവം ഇവയെ കുറിച്ചെല്ലാമുള്ള ഭയം. ഈ പേടിയില്‍ നിന്നാകണം സ്ത്രീകളുടെ മാനം രക്ഷിക്കാന്‍ കൗണ്‍സിലര്‍ രഘുവിനെതിരെ പരാതി കൊടുത്തത്.

ഒരു സ്ത്രീക്കെതിരെ അക്രമമോ അപമാനിക്കലോ പീഡന ശ്രമമോ നടന്നാല്‍ ഇത്ര വേഗത്തില്‍ പരാതിയായി മാറുകയോ വേഗത്തില്‍ നടപടി ഉണ്ടാകുമോ എന്നതും സ്വാഭാവിക ചോദ്യമാണ്. സിസ്റ്റര്‍ അഭയ മുതല്‍ ജിഷയുടെ കൊലപാതകം ഉള്‍പ്പെടെ എത്രയോ കേസുകള്‍ പൊലീസിന്റെയും പൊതു സമൂഹത്തിന്റെയും അനാസ്ഥയുടെ ജീവനുള്ള തെളിവുകളായി നിലനില്‍ക്കുന്നു. എത്രയെത്ര ബലാത്സംഗങ്ങളും ശാരീരികമായ അപമാനിക്കലുമാണ് കേസ് പോലുമായി മാറാതിരിക്കുന്നത്. പൊലീസിന്റെ മാത്രം അനാസ്ഥയല്ല രാഷ്ട്രീയ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഇരയ്ക്ക് നീതി ലഭിക്കാന്‍ ഇടപെടാതിരിക്കുകയോ പ്രതികള്‍ക്ക് വേണ്ടി ഇടപെടുകയോ ചെയ്യുന്നതാണ് പലപ്പോഴും ഇതിന് കാരണം. എത്രയോ സമരങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും കോടതി ഇടപെടലുകള്‍ക്കും ശേഷമാണ് സ്ത്രീ പീഡന കേസിലെ പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടാറുള്ളത്. മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടില്ല എന്നതും ഓര്‍ക്കണം. അതിനിടയിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനെ തെറ്റായ കാരണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത് അപമാനിച്ചത്.

സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമം എങ്ങനെ ദുരുപയോഗപ്പെടുത്താന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് രഘുവിനെതിരായ പരാതിയും അറസ്റ്റും. പൊലീസ് മാത്രമല്ല, നഗരസഭയിലെ വനിത ജനപ്രതിനിധിയും അതിന് മുന്‍കൈയെടുത്തുവെന്നതാണ് വിചിത്രമായ കാര്യം. പൊലീസുകാര്‍ പ്രതികളെ ലോക്കപ്പുകളില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മര്‍ദ്ദിക്കാറുണ്ട്. എന്നാല്‍ അടിവസ്ത്രത്തെ കുറിച്ച് പറഞ്ഞതിന് അറസ്റ്റ് ചെയ്തത് ആദ്യമായിട്ടാകണം.