ചാലക്കുടിയിൽ ആര് മാറ്റുരയ്ക്കും ? സർവേ റിപ്പോർട്ട് പുറത്ത്

ഇരുമുന്നണികളേയും മാറിമാറി പിന്തുണച്ചിട്ടുള്ള ചാലക്കുടി മണ്ഡലം ഇക്കുറി ആരോടൊപ്പമെന്നത് ഏവരും ഉറ്റുനോക്കുന്നതിന്റെ പ്രധാന കാരണം മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥി വേണോ വേണ്ടയോ എന്നുള്ള ചർച്ച വോട്ടർമാർക്കിടയിൽ ഗൗരവമായി നടക്കുന്നു എന്നുള്ളതാണ്.

പൊതുവെ അന്ധമായ രാഷ്ട്രീയചായ്‌വ്‌ വെച്ചു പുലർത്താത്ത മണ്ഡലമാണ് ചാലക്കുടി. നിഷ്പക്ഷതയോടെ പ്രതികരിക്കുന്ന രീതിയാണ് ചാലക്കുടിക്കാർ സ്വീകരിക്കുന്നത്. എങ്കിലും യു ഡി എഫിനോട് ഇക്കുറി മണ്ഡലം നിൽക്കും എന്നതിനോടൊപ്പം കൊച്ചി ആസ്ഥാനമാക്കിയ മീഡിയാ കെമിസ്ട്രി എന്ന സ്ഥാപനം നടത്തിയ സർവേ ഫലത്തിൽ മറ്റു ചില ഘടകങ്ങൾ കൂടി യു ഡി എഫിന്റെ നേട്ടത്തെ നിർണയിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.

2135 വോട്ടർമാരിൽ നടത്തിയ സർവ്വേയിൽ വികസനത്തിനാണ് മുൻ‌തൂക്കം കൊടുക്കുക എന്ന് 30 % വോട്ടർമാർ പ്രതികരിച്ചപ്പോൾ രാഷ്ട്രീയം നോക്കിയായിരിക്കും വോട്ടുചെയ്യുക എന്ന് 27 % പേർ രേഖപ്പെടുത്തി. വികസനവും വൈയക്തിക ഗുണങ്ങളും രാഷ്ട്രീയവും എല്ലാം കണക്കിലെടുത്തായിരിക്കും തങ്ങളുടെ വോട്ട് എന്ന് പറയുന്നത് 17 % പേരാണ്.

ഇപ്പോഴത്തെ നിലയിൽ വോട്ടർമാരുടെ രാഷ്ട്രീയ ചായ്‌വിൽ യുഡി എഫ് – എൽ ഡി എഫ് വ്യതിയാനം ദൃശ്യമാകുന്നത് 2 % മാത്രമാണ്. എൽ ഡി എഫിന് 35 % എങ്കിൽ യു ഡി എഫിന് 33 %. നിലവിൽ എം എൽ എ ആയ ബി. ഡി. ദേവസ്യയുടെ പ്രവർത്തനത്തെ കുറിച്ച് പൊതുവെ നല്ല അഭിപ്രായമാണ് ജനങ്ങൾക്കിടയിലെങ്കിലും ഓരോ ടേം കഴിയുമ്പോഴും പഴയ പിന്തുണ ലഭിക്കുന്നതിൽ നിന്നും പിന്നോട്ടു പോകുന്നതായി സർവ്വേ പറയുന്നു. അതിന്റെ വ്യക്തതയാണ് നിലവിലുള്ള എം എൽ എ തുടരണമോ എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം ഇപ്രകാരമാണ്. അദ്ദേഹം തുടരണം എന്ന് 42% ആഗ്രഹിക്കുന്നെങ്കിൽ പുതിയ ആൾ വരണമെന്ന് 46% പേർ ആഗ്രഹിക്കുന്നു. 12 % പേരാകട്ടെ ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.

എന്നാൽ എന്തുകൊണ്ട് യു ഡി എഫിന് അത് മുതലാക്കാൻ കഴിയുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. പ്രധാനമായും മണ്ഡലത്തിനു പുറത്തു നിന്നുള്ള ഒരു സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ചാലക്കുടിക്കാർ തയ്യാറാകുന്നില്ല എന്നതിനാലെന്നത് വ്യക്തം. ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികളാകാൻ സാദ്ധ്യതയുള്ളവർക്കുള്ള പിന്തുണ അതാത് മുന്നണി അനുകൂലികളുടെ കണക്ക് ഇപ്രകാരമാണ്.

ബി. ഡി ദേവസ്സി ഇടതു സ്ഥാനാർഥി ആകണമെന്ന് 46 % പേർ ആഗ്രഹിക്കുമ്പോൾ ടി. ശശിധരന് 28 % ത്തിന്റെ പിന്തുണയാണുള്ളത്. യു. പി. ജോസഫിനെ 18 % പേർ പിന്തുണയ്ക്കുന്നു. 8 % പേർ ഇക്കാര്യത്തിൽ ഉത്തരം രേഖപ്പെടുത്തുന്നില്ല.

യുഡി എഫ് സ്ഥാനാർത്ഥിയാകണമെന്ന് യുഡി എഫുകാർ ഏറ്റവുമധികം പിന്തുണയ്ക്കുന്നത് ബിജു എസ് ചിറയത്തിനെയാണ്. 44 %. വി. ഒ. പൈലപ്പന് 37 % യുഡി എഫു കാരുടെ പിന്തുണയുണ്ടെങ്കിൽ ഡെന്നീസ്‌ ആന്റണിക്ക് 19 % പേരാണ് പിന്തുണ അറിയിക്കുന്നത്. ഈ മൂന്നു സ്ഥാനാർത്ഥികളും മണ്ഡലത്തിനുള്ളിൽ ഉള്ളവരാണ്. മണ്ഡലത്തിന് വെളിയിലുള്ളവരിൽ പരിഗണിക്കപ്പെടാൻ സാദ്ധ്യത യുള്ളവർ ജോസഫ് വാഴക്കൻ , ജോണി നെല്ലൂർ, പിസി ചാക്കോ ഇവരാണ്. എന്നാൽ ഇക്കുറി മണ്ഡലത്തിനുള്ളിൽ നിന്നുള്ളവർ തന്നെ വേണമെന്നു യുഡിഎഫ് വോട്ടർമാർ നിർബന്ധമായും ആവശ്യപ്പെടുന്നതിന്റെ കാരണം പുറത്തുനിന്നുള്ളവരെ മത്സരിപ്പിച്ച് പരാജയപ്പെട്ടാൽ ഇടതുമുന്നണിക്ക് സ്ഥിരമായി മണ്ഡലം തീറെഴുതിക്കൊടുക്കുന്നതിലേക്ക് നയിക്കും എന്നവർ കരുതുന്നതിനാലാകാം. നിലവിൽ ചാലക്കുടി നഗരസഭാ വികസന കാര്യസമിതി ചെയർമാനും യുവനേതാവുമായ അഡ്വക്കേറ്റ് ബിജു എസ്. ചിറയത്തിന്റെ പേര് മുന്നിൽ വന്നത് സ്വാഭാവികമാണ്.

Read more

ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് 37 % പേർ പ്രതീക്ഷിക്കുമ്പോൾ 39 % യു ഡി എഫ് വരുമെന്നാണ് കരുതുന്നത്. ഈ അനുകൂലമായ കാറ്റിൽ സ്ഥാനാർത്ഥി നിർണയം എങ്ങനെ ചാലക്കുടി തിരിച്ചുപിടിക്കാൻ യു ഡി എഫിനെ സഹായിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.