ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ്: സംസ്ഥാനത്ത് 57 പേര്‍ പിടിയില്‍; രജിസ്റ്റര്‍ ചെയ്തത് 49 കേസുകള്‍

ഒറ്റനമ്പര്‍ ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതേവരെ അറസ്റ്റിലായത് 57 പേര്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റനമ്പര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട് 49 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവിധയിടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒമ്പതു ലക്ഷം രൂപയും നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. നിരവധി വാഹനങ്ങളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഒറ്റനമ്പര്‍ ലോട്ടറി ഇടപാടുകാര്‍ക്ക് രാജ്യാന്തര ബന്ധമുണ്ടോയെന്നു പരിശോധിക്കുമെന്നും കേസ് അതീവഗുരുതരമാണെന്നും ഡിജിപി വ്യക്തമാക്കി.

ലോട്ടറിയുമായി ബന്ധപ്പെട്ടവര്‍തന്നെയാണ് പലയിടത്തും ഒറ്റനന്പര്‍ ലോട്ടറിയുടെ വില്‍പ്പനക്കാരാകുന്നത്. കടകളില്‍ നടത്തുന്ന ഒറ്റനന്പര്‍ ലോട്ടറി വില്‍പ്പന മാത്രമാണ് പോലീസിനു ഇപ്പോള്‍ പിടികൂടാനാകുന്നത്. മൊബൈല്‍ ഫോണ്‍ വഴി നടക്കുന്ന ഇതിന്റെ വിപണനം തടയാന്‍ സാധിക്കുന്നില്ല. കടയോ മറ്റെന്തെങ്കിലും സ്ഥാപനമോ ഇല്ലാതെയാണ് ഇത്തരം വില്‍പ്പനകള്‍ നടക്കുന്നതെന്നതാണ് വെല്ലുവിളി.

മൊബൈല്‍ ഫോണില്‍ വിളിച്ച് നമ്പറുകള്‍ ബുക്കുചെയ്യുകയാണ് ഇത്തരം ലോട്ടറികള്‍ എടുക്കുന്നവര്‍ ചെയ്യുന്നത്. അല്ലെങ്കില്‍ മെസേജുവഴിയാണ് നമ്പറുകള്‍ വാങ്ങുന്നത്. സമ്മാനം ലഭിച്ചാല്‍ മൊബൈല്‍ വഴിതന്നെ അറിയിക്കുകയും ചെയ്യുന്നു. ഇതിനാല്‍ ഇതിന്റെ രേഖകള്‍ ഒന്നും ഉണ്ടാകുകയുമില്ല. ഇതൊക്കെയാണ് ഇത്തരം കേസുകളില്‍ അന്വേഷണത്തിനു ബുദ്ധിമുട്ടാകുന്നത്.