ആടുജീവിതത്തിലെ നജീബ് എത്തി, ബെന്യാമിനോടൊപ്പം

ലോകത്തിന്റെ പലഭാഗത്ത് ജീവിക്കുന്ന കേരളീയര്‍ക്ക് പൊതുവേദിയൊരുക്കാനും അവരെ ഒരുമിപ്പിക്കാനും കേരളസര്‍ക്കാര്‍ രൂപീകരിച്ച പ്രഥമവേദിയായ ലോകകേരള സഭയില്‍ ശ്രദ്ധാകേന്ദ്രമായി ആടുജീവിതത്തിലെ “നജീബും”, ടേക്ക് ഓഫിലെ”സമീറയും”. നോവലിലൂടെയും സിനിമയിലൂടെയും മലയാളികള്‍ കണ്ട അനുഭവങ്ങള്‍ക്ക് സാക്ഷിയായ നജീബ് എന്ന പ്രവാസിയും മെറീന ജോസ് എന്ന നഴ്‌സും കേരളലോക സഭയിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അറബി നാട്ടിലേക്ക് പുറപ്പെട്ട് മരുഭുമിയില്‍ കഷ്ടപ്പെടുന്ന നജീബിന്റെ ജീവിതമാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവലില്‍ പറയുന്നത്. പ്രവാസികളുടെ ജീവിതം കേള്‍ക്കാന്‍ ലോകകേരള സഭ വിളിച്ച് കൂട്ടിയപ്പോള്‍ അതിലെ അംഗങ്ങളിലൊരാളായി നജീബും എത്തിയിരുന്നു. നജീബിന്റെ കരളലിയിപ്പിക്കുന്ന ജീവിതം വായനക്കാരിലേക്കെത്തിച്ച ബെന്യാമിനും ഒപ്പമുണ്ടായിരുന്നു. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതുകൊണ്ട് ഇപ്പോഴും പ്രവാസിയായി തുടരുന്നുവെന്ന് നജീബ് പറഞ്ഞു. നജീബിനെപ്പോലെ അറബിനാട്ടില്‍ കൂടുങ്ങിക്കിടക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന് ബെന്യാമിന്‍ പറഞ്ഞു.

ഇറാഖിലെ ഐഎസ് ഭീകരരുടെ തടവില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ നഴ്‌സുമാരുടെ അനുഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മഹേഷ് നാരായണന്‍ ടേക്ക് ഓഫ് എന്ന ചിത്രം സംവിധാനം ചെയ്തത്. രക്ഷാദൗത്യത്തിന് നേതൃത്വം കൊടുത്ത് സഹപ്രവര്‍ത്തകരുമായി നാട്ടില്‍ തിരിച്ചെത്തിയ ധൈര്യശാലിയായ നഴ്‌സ് മെറീനയെ പാര്‍വതിയാണ് സമീറ എന്ന കഥാപാത്രമായി അവതരിപ്പിച്ചത്. മെറീന ജോസ് എന്ന നഴ്‌സ് ഇപ്പോള്‍ പാലായില്‍ രണ്ടു മക്കളോടൊപ്പം ജീവിക്കുന്നു. മൂന്നു വര്‍ഷമായി ജോലിയില്ലെന്നും ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും ജോലി നല്‍കണമെന്നാണ് പറയാനുള്ളതെന്ന് മെറീന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാണ് കേരള ലോകസഭ രൂപീകരിച്ചത്. കേരള ലോകസഭയുടെ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനും ഉപനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമാണ്.