പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20-ന്; മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സി.പി.ഐ

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും.  സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്ത സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. എകെജി സെന്ററിലായിരുന്നു ചർച്ച നടന്നത്.

അതേസമയം, നാല് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന് സി.പി.ഐ. ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്നും സി.പി.ഐ അറിയിച്ചു. നാലുമന്ത്രിസ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർത്ഥിച്ചിരുന്നു.

മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്. ഐഎൻഎല്ലും കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തു നൽകിയിട്ടുണ്ട് .

ആകെ 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ജയിച്ചുകയറിയത്. സ്വതന്ത്രരടക്കം 67 പേർ സിപിഎമ്മിനുണ്ട്. 17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിൽ നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നിവരിൽ നിന്ന് രണ്ട് പേരും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.