രാജ്ഭവന്‍ മാര്‍ച്ച് തടയാനാകില്ല; സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തതിന് തെളിവുണ്ടോ?; സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള രാജ്ഭവന്‍ മാര്‍ച്ച് തടയാനാകില്ലെന്ന് ഹൈക്കോടതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കെ. സുരേന്ദ്രന്‍ ആരോപിക്കുന്നത് പോലെ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തുവെന്ന് എങ്ങനെ മനസിലാക്കാം. ഇതിന് തെളിവുണ്ടോ? മാര്‍ച്ച് നടത്തേണ്ടെന്ന് എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. തുടര്‍ന്ന് ഹര്‍ജിയില്‍ ആരോപിച്ച കാര്യങ്ങള്‍ അന്വേഷിക്കുവാന്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ കേരളത്തില്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയോടല്ല, അദേഹത്തിന്റെ നയങ്ങളോടാണ് പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണറെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.

ഡി.എം.കെ. നേതാവ് തിരുച്ചി ശിവയും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തിന് മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്നാണ് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. ഇടതുമുന്നണിയുടെ ഉന്നത നേതാക്കളെല്ലാവരും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണയില്‍ പങ്കെടുക്കേണ്ട എന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

കേരള സംസ്ഥാനം രൂപീകൃതമായശേഷം 28 ഗവര്‍ണര്‍മാര്‍ ആ പദവിയില്‍ ഇരുന്നു. പലകാലങ്ങളിലായി നിര്‍ണായകമായ പല സാഹചര്യങ്ങളിലും സംസ്ഥാനത്ത് ഭരണതലത്തിലോ മറ്റേതെങ്കിലും തരത്തിലോ തന്റെതന്നെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ ഒരു ഗവര്‍ണറും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു.