നിഷ്‌ക്രിയമായ കൊച്ചി നഗരസഭ പിരിച്ചു വിടണം; ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും ഹൈക്കോടതി

വെള്ളക്കെട്ട് വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോര്‍പ്പറേഷനെ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നാളെ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നഗരത്തെ സിംഗപ്പൂര്‍ ആക്കണമെന്നല്ല, ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് പറയുന്നതെന്ന് കോടതി വ്യക്തമാക്കി.

നിഷ്‌ക്രിയമായ കൊച്ചി നഗരസഭ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചി നഗരവാസികളുടെ രോദനം നാള്‍ക്കുനാള്‍ കൂടി വരുകയാണെന്നും ഒരു മഴ പെയ്ത് തോര്‍ന്നപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോളും വെള്ളത്തില്‍ കഴിയുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. പ്രളയത്തേക്കാള്‍ ഭയാനകമായ സ്ഥിതിവിശേഷമാണ് നഗരത്തില്‍ ഇന്നലെ ഉണ്ടായതെന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യം നോക്കാന്‍ ആരുമില്ലെന്നും കോടതി പറഞ്ഞു. ഇത്തരം നിഷ്‌ക്രിയത്വത്തിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും എന്തുകൊണ്ട് പ്രതികരണം ഉണ്ടാവുന്നില്ലെന്നും കോടതി ചോദിച്ചു.

എല്ലാം കോടതി ഇടപെടലിലൂടെ മാത്രമേ ശരിയാകൂ എന്ന് കരുതരുത്. കോര്‍പറേഷന്റെ ഭാഗത്തു നിന്നും അനാസ്ഥ ഉണ്ടായാല്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം. മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരം ഉപയോഗിച്ച് നഗരസഭാ പിരിച്ചു വിടണമെന്നും കോടതി വ്യക്തമാകി.

കൊച്ചി നഗരത്തെ സിംഗപ്പൂര്‍ ആക്കി മാറ്റിയിലെങ്കിലും നല്ല രീതിയില്‍ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. പേരണ്ടൂര്‍ കനാല്‍ കേസിലെ അമിക്കസ് ക്യൂറി അഡ്വ സുനില്‍ ജോസ് ആണ് ഇന്നലത്തെ കനത്ത മഴയെ തുടര്‍ന്നുണ്ടായ നഗരത്തിലെ സ്ഥിതിവിശേഷം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. കാരണക്കോടം തോട് കൈയേറ്റ കേസും നാളെ കോടതി പരിഗണിക്കും. കേസില്‍ അഡ്വ ജനറല്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.