സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണി ജനുവരി 31നകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കൊച്ചി നഗരത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ നഗരസഭയോടും പൊതുമരാമത്ത് വകുപ്പിനോടും നിര്‍ദേശിക്കണമന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജിയിലാണ് കോടതി സര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയത്. റോഡ് അറ്റകുറ്റപണിയും നിര്‍മാണവും സംബന്ധിച്ച ഏഴു നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഡിസംബര്‍ 31നകവും തദ്ദേശ സ്ഥാപന റോഡുകള്‍ ജനുവരി 31നകവും പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

പുതിയ റോഡുകളുടെ നിര്‍മാണവും നിലവിലെ റോഡുകളുടെ അറ്റകുറ്റപണിയും യോഗ്യരായ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടത്തണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ് ചട്ടപ്രകാരവും ശിക്ഷ നിയമപ്രകാരവും നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം

റോഡുകളില്‍ കുഴിയും വിള്ളലും പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം. അറ്റകുറ്റപണികളിലെ വീഴ്ചയിലെ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കുമായിരിക്കും. പൊതുമരാമത്ത് റോഡുകളുടെ പട്ടികയും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് നമ്പര്‍ അടക്കമുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്കായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

റോഡ് തകര്‍ന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉദ്യോഗസ്ഥരെ അറിയിക്കാം. പൊതു മരാമത്ത് വകുപ്പിലെന്ന പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ റോഡുകളുടെ ദൈനംദിന അറ്റകുറ്റപണികള്‍ക്കും പ്രത്യേക സംഘം രൂപവത്കരിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം.