മഴക്കെടുതിയില്‍ മരണം 72 ആയി, കവളപ്പാറയില്‍ 12 മരണം, പുത്തുമലല്‍ അകപ്പെട്ടവരുടെ കൃത്യം കണക്ക് പറയാനാകില്ലെന്ന് ജില്ലാ കളക്ടര്‍

മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 72 ആയി. കവളപ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടുകിട്ടി. ഇതുവരെ കവളപ്പാറയില്‍ മാത്രം 12 പേരാണ് മരണമടഞ്ഞത്. 52 പേര്‍ക്കായി സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. വയനാട് മേപ്പാടി പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കിട്ടി. കനത്ത മഴയെ തുടര്‍ന്ന് പുത്തുമലയിലെ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മലപ്പുറം കോട്ടക്കുന്നില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കവളപ്പാറയില്‍ അമ്പതടിയോളം മണ്ണിടിഞ്ഞ് വീണിരിക്കുകയാണ്. ഇത്രയും മണ്ണ് നീക്കി അടിയില്‍ പെട്ടുപോയവരെ കണ്ടെത്തുകയെന്നുള്ളത് അതീവ ദുഷ്‌കരമാണ്. ഇനിയും ദിവസങ്ങള്‍ പരിശ്രമിച്ചാല്‍ മാത്രമേ രക്ഷാദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. ഇത്രയും ആഴത്തിലുള്ള മണ്ണും ചെളിയും നീക്കി ആളുകളെ രക്ഷിക്കാന്‍ പരിശ്രമിക്കുന്നത് ദുഷ്‌കരമാവുകയാണ്. അതിനിടെ രക്ഷാകര പ്രവര്‍ത്തനങ്ങള്‍ക്കിടെ വീണ്ടും മണ്ണിടിച്ചിലിണ്ടായത് പ്രതികൂലമായി.

ഇതിനിടെ വയനാട് പുത്തുമല ഉരുള്‍പ്പൊട്ടലില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരവേ അപകടത്തില്‍ അകപ്പെട്ടവരുടെ കൃത്യം കണക്ക് പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയ കുമാര്‍ പറഞ്ഞു. പുത്തുമലയുണ്ടായ അപകടത്തില്‍ 17 പേര്‍ അകപ്പെട്ടെന്നാണ് പ്രാഥമിക കണക്ക്. എന്നാല്‍ ഈ കണക്ക് വസ്തുതാപരമെന്ന് പറയാനാകില്ലെന്നാണ് കളക്ടര്‍ പറയുന്നത്. അപകടത്തില്‍പ്പെട്ടവര്‍ ഇതര സംസ്ഥാനക്കാരായതിനാല്‍ വിവരശേഖരണം ദുഷ്‌കരമാണ്. കൂടാതെ വയനാട്ടിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണം കൊണ്ടുവരുമെന്നും എ ആര്‍ അജയകുമാര്‍ പറഞ്ഞു.