രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം; കെ.എന്‍ ബാലഗോപാല്‍

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ടുകളുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് നടന്ന കെ.എഫ്.സിയുടെ സംയുക്ത സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ബാങ്കിംഗ് മേഖല മനുഷ്യത്വ രഹിതമായി മാറിയിരിക്കുകയാണ്. ബാങ്കുകള്‍ ലാഭം കൂട്ടുന്നു. ബാങ്കുകളുടെ നിലപാടില്‍ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. അതേസമയം മനുഷ്യത്വ മുഖത്തോടെയാണ് പ്രമുഖ ധനകാര്യ പ്രസ്ഥാനമായ കെ.എഫ്.സി പ്രവര്‍ത്തിക്കുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും നൂതന ആശയങ്ങളുമായി വരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വായ്പ നല്‍കുന്നുണ്ട്. പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എതിരാണെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലാണ്. അതുകൊണ്ടാണ് ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ ആരോപിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും എന്നാല്‍ കടക്കെണിയില്‍ വീണിട്ടില്ലെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞിരുന്നു.