കേന്ദ്ര മന്ത്രി വി. മുരളീധരന് കേരളത്തില്‍ നല്‍കിയിരുന്ന പൈലറ്റ് സുരക്ഷ പുനഃസ്ഥാപിച്ചു

കേന്ദ്ര സഹ മന്ത്രി വി. മുരളീധരന് കേരളത്തില്‍ വീണ്ടും പൈലറ്റ് സുരക്ഷ അനുവദിച്ചു. കൊച്ചിയിലേക്ക് ഇന്ന് പോകുന്ന മന്ത്രിക്ക് എസ്‌കോര്‍ട്ടും പൈലറ്റും നല്‍കി. സംസ്ഥാന സർക്കാർ മുരളീധരന് നൽകിയിരുന്ന പൈലറ്റ് സുരക്ഷ ഒഴിവാക്കിയെന്ന പരാതിയുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച ഗൺമാൻ ബിജുവിനെ മുരളീധരന്‍ കഴിഞ്ഞ ദിവസം വാഹനത്തില്‍നിന്ന് ഇറക്കിവിടുകയുണ്ടായി. സര്‍ക്കാരിന്റെ സുരക്ഷ കണ്ടല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് സർക്കാർ വീണ്ടും പൈലറ്റ് സുരക്ഷ അനുവദിച്ചത്.

വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള കേന്ദ്രമന്ത്രി കേരളത്തില്‍ എത്തുമ്പോള്‍ പൈലറ്റും രാത്രിയില്‍ എസ്‌കോര്‍ട്ടും പോലീസ് ഒരുക്കാറുണ്ട്. എന്നാല്‍, ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയപ്പോള്‍ എയര്‍പോര്‍ട്ടുമുതല്‍ പൊലീസിന്റെ പൈലറ്റ് വാഹനം ഉണ്ടായിരുന്നില്ല.

പൈലറ്റ് സുരക്ഷ ഒഴിവാക്കിയതിന്റെ കാരണം പൊലീസ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്, മന്ത്രിയെ അനുഗമിച്ചിരുന്ന ഗണ്‍മാനെ ബേക്കറി ജങ്ഷനില്‍ പേഴ്സണല്‍ സ്റ്റാഫ് ഇറക്കിവിട്ടു. കേന്ദ്രമന്ത്രിക്കുള്ള സുരക്ഷ പിന്‍വലിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് മന്ത്രിയുടെ ഓഫീസും ബി.ജെ.പി.യും വിമര്‍ശിച്ചിരുന്നു. എന്നാല്‍ സുരക്ഷ പിന്‍വലിക്കാനുള്ള നിര്‍ദേശമില്ലെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ സുരക്ഷ പുനഃസ്ഥാപിച്ചത്.