യോഗ്യതയില്ലാത്ത ആളെ നിയമിച്ചു; ഐ.ടി പദ്ധതികളിൽനിന്ന് പി.ഡബ്യു.സിയെ രണ്ട് വർഷത്തേക്ക് വിലക്കി

സംസ്ഥാന സർക്കാരിന്റെ ഐ.ടി. പദ്ധതികളിൽനിന്ന് കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ്‌കൂപ്പേഴ്‌സിനെ (പിഡബ്യുസി) രണ്ട് വർഷത്തേക്ക് വിലക്കി.

യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാർ വ്യവസ്ഥയിൽ ഗുരുതര വീഴ്ച വരുത്തി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.

കെ ഫോണുമായുള്ള കരാർ ഇന്ന് തീർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐ ടി വകുപ്പ് വിലക്കേർപ്പെടുത്തിയത്. ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ ഒഴിവാക്കിയിരുന്നു

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പിഡബ്യുസിക്കെതിരേ അന്വേഷണം വന്നത്. സ്വപ്നയെ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജരായി നിയമിച്ചത് പിഡബ്ല്യുസി വഴിയായിരുന്നു.

അതേസമയം, സ്വപ്‌ന സുരേഷിന്റെ നിയമനമാണ് വിലക്കിന് കാരണമായതെന്ന് സർക്കാർ ഉത്തരവിൽ പേരെടുത്ത് പരാമർശിച്ചിട്ടില്ല. നേരത്തെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാറിൽ നിന്നും പിഡബ്യുസിയെ ഒഴിവാക്കിയിരുന്നു.