മഴക്കെടുതിയില്‍ മരണം 59 ആയി; കവളപ്പാറയില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, നിലമ്പൂര്‍ മുണ്ടേരിയില്‍ 400 കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തോരാമഴയില്‍ 59 പേരാണ് ഇതേവരെ മരിച്ചത്. കഴിഞ്ഞ ദിവസത്തെ കനത്ത മണ്ണിടിച്ചിലില്‍ വിറങ്ങലിച്ച നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി.

ഉരുള്‍പൊട്ടലില്‍ മല ഒന്നാകെ ഇടിഞ്ഞുവീണ കവളപ്പാറയില്‍നിന്ന് ഇതുവരെ കണ്ടെത്തിയത് ഒമ്പത് മൃതദേഹങ്ങള്‍. ഇന്ന് ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ കവളപ്പാറ ഉരുള്‍പൊട്ടല്‍ മേഖലയില്‍ വീണ്ടും ഉരുള്‍ പൊട്ടിയതിനാല്‍ തിരച്ചില്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം കവളപ്പാറയില്‍ കാണാതായത് 63 പേരെന്നാണ് വിവരങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇവിടെ നിന്ന് മാറണമെന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

കനത്ത മഴയില്‍ നിലമ്പൂര്‍ വാണിയം പുഴയില്‍ മുണ്ടേരി വനമേഖലയില്‍ 400 കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പ്പെട്ടലില്‍ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം ഒലിച്ചു പോയിരുന്നു. മൂന്ന് കോളനികളിലെ ആളുകളാണ് ഇവിടെ കുടുങ്ങിയത്.

കോഴിക്കോട് കനത്ത മഴയില്‍ മരണം 14 ആയി. നാളെയും മഴ തുടരുന്നതിന്റെ ഭാഗമായി വയനാടും കണ്ണൂരും കാസര്‍കോട്ടും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.