'എന്റെ പെരുന്നാളിങ്ങനെയാ..... നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ?' ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മാതൃകയായി നൗഷാദ്

കേരളം വീണ്ടും പ്രളയത്തെ നേരിടുമ്പോള്‍ നൗഷാദിനെ പോലുള്ള മനുഷ്യരാണ് നമ്മെ വീണ്ടും കയത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുന്നത്. മാലിപ്പുറത്തെ തുണിക്കച്ചവടക്കാരന്‍ നൗഷാദ്.

വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ നൗഷാദ് ഇവരെ കടയിലേക്ക് കൊണ്ടുപോയി. വില്‍പ്പനയ്ക്കായി വെച്ച വസ്ത്രങ്ങളില്‍ ഭൂരിഭാഗവും നല്‍കുകയായിരുന്നു.

“നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം പുഞ്ചിരിയുമായി നൗഷാദ് മറുപടി നല്‍കി. നാളെ പെരുന്നാളല്ലേ എന്ന ചോദ്യത്തിന് എന്റെ പെരുന്നാളിങ്ങനെയാ എന്നായിരുന്നു മറുപടി.