Live Blog- കേരളം വീണ്ടും പ്രളയമുഖത്ത്; ഇന്ന് മാത്രം പൊലിഞ്ഞത് 33 ജീവനുകള്‍, സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 64013 പേര്‍

കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതിയില്‍ ഇന്നു മാത്രം സംസ്ഥാനത്ത് പൊലിഞ്ഞത് 33 ജീവനുകള്‍. നിലമ്പൂര്‍ കവളപ്പാറയില്‍ പത്ത് പേരും വയനാട് പുത്തുമലയില്‍ ഒമ്പത് പേരും മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കോഴിക്കോട് ഇന്ന് ഒമ്പത് ജീവനുകളാണ് പൊലിഞ്ഞത്.

കവളപ്പാറയില്‍ 30ലധികം കുടുംബങ്ങള്‍ അധിവസിച്ച മേഖലയിലേക്ക് ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നു പത്ത് പേരുടെ മൃതദേഹം പുറത്തെടുത്തു. പുത്തുമലയില്‍ നിന്ന് 9 പേരുടെ മൃതദേഹം പുറത്തെടുത്തു. നേരത്തെ ഈ മേഖലയിലുള്ളവരെ ഒഴിപ്പിച്ചതിനാല്‍ മരണ സംഖ്യ വലിയ തോതില്‍ കുറഞ്ഞു. നിരവധി പേരെ കാണാതായെന്ന് സംശയിക്കുന്നു. മലപ്പുറം എടവണ്ണയില്‍ ഉരുള്‍പൊട്ടി നാലംഗം കുടുബം മരിച്ചു. വടകര വില്ലങ്ങാട് മണ്ണിനടിയില്‍ പെട്ട് നാല് പേര്‍ മരിച്ചു. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. ഒരു കിമി ദൂരത്തുള്ള സര്‍വ്വതും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. വിലങ്ങാട് ഇപ്പോഴും മഴ ആര്‍ത്തലച്ച് പെയ്യുകയാണ്.

കോഴിക്കോട്ട് ഉരുള്‍പൊട്ടലില്‍ നാല് പേരും വെള്ളത്തില്‍ വീണ് നാല് പേരും മിന്നലേറ്റ് ഒരാളുമാണ് മരിച്ചത്. ചാലിയാര്‍ വഴിമാറി ഒഴുങ്ങിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ വരെ വെള്ളം കയറി. തൃശ്ശൂര്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. കാട്ടാക്കുന്നില്‍ മൂന്ന് പേര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയം. വഴിക്കടവ് ചെക്ക് പോസ്റ്റിനു സമീപവും ഉരുള്‍ പൊട്ടി . ഇവിടെ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. കണ്ണൂരില്‍ വെള്ളെക്കെട്ടില്‍ വീണ് ജോയി എന്നയാള്‍ മരിച്ചു.

സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 64013 പേര്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 5748 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. അതേ സമയം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിന്റെ എല്ലാസംവിധാനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.