ചങ്ങനാശേരി നഗരസഭാ ഭരണത്തില്‍ കേരള കോണ്‍ഗ്രസില്‍ പുതിയ തര്‍ക്കം; ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് പി.ജെ ജോസഫ്

കേരള കോണ്‍ഗ്രസില്‍ ചങ്ങനാശേരി നഗരസഭാ ഭരണത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി – ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ പുതിയ തര്‍ക്കം. ജോസ് കെ മാണി വിഭാഗക്കാരനായ ചെയര്‍മാന്‍റെ രാജി ആവശ്യപ്പെട്ട് പി.ജെ ജോസഫ് കത്ത് നല്‍കി. ചെയര്‍മാന്‍ രാജിവെച്ചില്ലെങ്കില്‍ അച്ചടക്കനടപടി ഉള്‍പ്പെടെ ഉണ്ടാകുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ജോസ് വിഭാഗക്കാരനായ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ ഓഗസ്റ്റില്‍ രാജി വെയ്ക്കേണ്ടതാണ്. എന്നാല്‍ ലാലിച്ചന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നു. ഇതോടെയാണ് പി.ജെ ജോസഫ് രേഖാമൂലം കത്ത് നല്‍കിയത്. രാജി വെച്ചില്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്നായിരുന്നു ജോസഫിന്റെ മുന്നറിയിപ്പ്.

Read more

37 അംഗ നഗരസഭയില്‍ 18 അംഗങ്ങളുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ഇതില്‍ ഏഴ് പേരാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളത്. ചെയര്‍മാന്‍ ഒഴികെ മുഴുവന്‍ പേരും തങ്ങള്‍ക്കൊപ്പം ആണെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്നു. സി.എഫ് തോമസിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസിനെ ചെയര്‍മാന്‍ ആക്കാനാണ് ജോസഫ് പക്ഷത്തിന്റെ നീക്കം. എന്നാല്‍ തനിക്ക് കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ പറഞ്ഞു. ജോസ് കെ മാണിയുടെ നിര്‍ദ്ദേശമനുസരിച്ച് തീരുമാനമെടുക്കും. നഗരസഭയില്‍ സിപിഎമ്മിന് പതിമൂന്നും ബിജെപിക്ക് നാലും അംഗങ്ങളാണുള്ളത്.