കേരളത്തിലെ തൊഴിലില്ലായ്മ 4.8 ശതമാനമായി കുറഞ്ഞു; അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഫലം കണ്ടു; നേട്ടങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി

തൊഴിലും സംരംഭങ്ങളും പ്രാദേശികമായി സൃഷ്ടിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ മാത്രമെ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കണമെന്നും അദേഹം പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും സാമ്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതയ്ക്ക് അനുസരിച്ച് രൂപംനല്‍കുന്ന തൊഴില്‍സഭകളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിര്‍ണായക പങ്ക് വഹിക്കണം.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഫലം കാണുന്നു എന്നാണ് സംസ്ഥാനത്തെ തൊഴില്‍ വളര്‍ച്ചനിരക്ക് സൂചിപ്പിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. 2020 ജനുവരിയില്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഒമ്പതു ശതമാനമായിരുന്നത് 2022 നവംബറില്‍ 4.8 ശതമാനമായി കുറഞ്ഞു. ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

മുഴുവന്‍ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കണം. വര്‍ക്ക് നിയര്‍ ഹോം സെന്ററുകള്‍, തൊഴിലന്വേഷകര്‍ക്കും കരിയര്‍ ബ്രേക്ക് നേരിട്ട സ്ത്രീകള്‍ക്കുമുള്ള നൈപുണ്യ പരീശിലനങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാകണം വാര്‍ഷിക പദ്ധതികള്‍ അവതരിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.