ബി.ജെ.പിയില്‍ തമ്മിലടി രൂക്ഷം; ശോഭയുടേത് ആഗ്രഹിച്ച സ്ഥാനം കിട്ടാനുള്ള തന്ത്രം, വിമതരോട് വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം

സംസ്ഥാന നേതൃത്വത്തിനോട് ഇടഞ്ഞ് നിൽക്കുന്ന വിമതരോട് വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വം. നേതൃത്വത്തിനോട് ഇടഞ്ഞ നിൽക്കുന്ന ശോഭാ സുരേന്ദ്രൻെറ നീക്കം അവര്‍ ആഗ്രഹിക്കുന്ന പദവിക്ക് വേണ്ടിയാണെന്നും ശോഭയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ അവഗണിക്കാനുമാണ് നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര നേതൃത്വത്തിനോട് നടത്തിയ ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.

ശോഭാ സുരേന്ദ്രന് പി.കെ കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണയില്ലെന്നും അതുകൊണ്ട് നേതൃത്വത്തിനുള്ള തലവേദന കുറയുമെന്നുമാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. പി.എം വേലായുധന്‍ നടത്തുന്ന പരസ്യപ്രസ്താവനയും അവഗണിക്കാനാണ് തീരുമാനം. ശോഭയുടെ നിലപാടില്‍ ആര്‍.എസ്.എസിനും എതിര്‍പ്പുണ്ട്. നേരത്തെ ആര്‍.എസ്.എസ് സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.

പാര്‍ട്ടി പ്രധാനപ്പെട്ടതായി കാണുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് അടുത്ത സമയത്ത് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകട്ടെയെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനും ആര്‍.എസ്.എസിനും ഉള്ളതെന്നാണ് മുരളീധരന്‍ പക്ഷം അവകാശപ്പെടുന്നത്.

അതേസമയം പ്രശ്നത്തിന് പരിഹാരം കാണാത്തതിനാൽ തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ നിന്ന്‌ ശോഭ സുരേന്ദ്രനും അനുയായികളും വിട്ടുനിൽക്കുമെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയിൽ  നടപടിയാവും‌വരെ വിട്ടു നിൽക്കാനാണ്‌ തീരുമാനം. ബിജെപി സ്ഥാനാർത്ഥി സംഗമങ്ങളിലും  കൺവെൻഷനുകളിലും ശോഭ സുരേന്ദ്രൻ പങ്കെടുത്തിട്ടില്ല.  പ്രശ്നം പരിഹരിക്കാൻ ആർഎസ്‌എസും കേന്ദ്ര നേതൃത്വവും നിർദേശം നൽകിയിട്ടും ഔദ്യോഗികപക്ഷം കേട്ട ഭാവമില്ല. ഈ സാഹചര്യത്തിലാണ്‌ പരിപാടികളിൽ പങ്കെടുക്കില്ലെന്ന്‌ ശോഭാപക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്‌.

തിരഞ്ഞെടുപ്പ്‌ കൺവെൻഷനുകൾ ബിജെപിയുടെ ഗ്രൂപ്പുയോഗങ്ങളായി മാറി. കേന്ദ്രമന്ത്രി വി മുരളീധരൻ ശനിയാഴ്‌ച തൃശൂരിൽ നിരവധി യോഗങ്ങളിൽ പങ്കെടുത്തെങ്കിലും കൃഷ്‌ണദാസ്‌ പക്ഷക്കാരനായ ബി ഗോപാലകൃഷ്‌ണൻ മത്സരിക്കുന്ന ഡിവിഷനിൽ പങ്കെടുത്തില്ല.

കേരളത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്‌ണൻ പങ്കെടുത്ത്‌ ഭാരവാഹി യോഗം ചേർന്നെങ്കിലും ബിജെപി  പ്രതിസന്ധി മൂർച്ഛിക്കുകയാണെന്നാണ്‌ ശോഭയുടെ നീക്കം തെളിയിക്കുന്നത്‌. കോർ കമ്മിറ്റി വിളിക്കുന്ന സംഘടനാരീതി പോലും ഇത്തവണ അട്ടിമറിക്കപ്പെട്ടതായി  ശോഭ സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു.  യോഗത്തിൽ വിഷയം ചർച്ചയായപ്പോൾ കോർ കമ്മിറ്റിയിൽ അന്തിമ തീരുമാനം കൈക്കൊള്ളാമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളെ കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.  തിരഞ്ഞെടുപ്പ്‌ പ്രചാരണം ഉദ്‌ഘാടനം ചെയ്യണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം  അമിത്‌ഷാ നിരാകരിച്ചതായി പറയുന്നു.

നേരത്തെ പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള ഭിന്നതകളുമില്ലെന്നും അതെല്ലാ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നുമായിരുന്നു കെ.സുരേന്ദ്രന്‍ പറഞ്ഞത്. കൊച്ചിയില്‍ നടക്കുന്ന ബി.ജെ.പിയുടെ നേതൃയോഗം ശോഭാ സുരേന്ദ്രന്‍ ബഹിഷ്‌കരിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ശോഭാ സുരേന്ദ്രന്‍.

Read more

കെ സുരേന്ദ്രന്‍ സംസ്ഥാന അദ്ധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശോഭ.