പെരിയ കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പ്രതിപക്ഷം, വിടുവായത്തമെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ ബഹളം

പെരിയ ഇരട്ട കൊല കേസിനെ ചൊല്ലി സഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സി.ബി.ഐ അന്വേഷണത്തിനെതിരായ അപ്പീല്‍ പരിഗണനയിലാണെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ആരെങ്കിലും വിടുവായത്തം പറഞ്ഞാല്‍ അതിന് മറുപടി പറയലാണോ സര്‍ക്കാരിന്റെ പണിയെന്ന് ചോദിച്ചു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

അഞ്ച് മാസമായിട്ടും കേസ് രേഖകള്‍ സി.ബി.ഐക്ക് കൈമാറുന്നില്ല. പ്രതികളായ സി.പി.എം നേതാക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സി.ബി.ഐ അന്വേഷണത്തിനെതിരായ അപ്പീല്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

പെരിയ കൊലപാതകത്തെ അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന് കോടതി തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ തന്നെ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.