അച്ചടക്ക നടപടി ആവശ്യം നിലനില്‍ക്കെ ഉണ്ണിത്താനെ പ്രശംസിച്ച് കെ സി വേണുഗോപാല്‍; എ,ഐ ഗ്രൂപ്പുകള്‍ കൊടുത്ത പരാതികള്‍ തള്ളിയതായി സൂചന

അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യം നിലനില്‍ക്കെ രാജ്‌മോഹന്‍ ഉണ്ണിത്താനെ പ്രശംസകൊണ്ട് മൂടി കെ സി വേണുഗോപാല്‍. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡിസിസി അധ്യക്ഷ പട്ടിയകയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ട്ടിയുണ്ടാക്കിക്കൊള്ളൂ എന്നതടക്കമുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കാസര്‍ഗോഡ് ജില്ലയിലെയും പുറത്തുമുള്ള നേതാക്കള്‍ കെപിസിസിക്കും എഐസിസിക്കും പരാതിയും നല്‍കിയിരുന്നു.

കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളെ അപമാനിക്കുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താനെന്ന് കാട്ടിയാണ് നേതാക്കള്‍ പരാതി നല്‍കിയത്. കോണ്‍ഗ്രസ് പരസ്യ പ്രതികരണം വിലക്കിയ സാചര്യത്തില്‍ നേതാക്കള്‍ക്കെതിരെ സംസാരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി വേണമെന്ന് രമേശ്, ഉമ്മന്‍ചാണ്ടി അനുകൂലികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.

ഇതിനിടെയാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിയില്‍ ഉണ്ണിത്താനെ വാഴ്ത്തി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തിയത്. ജനപ്രീയനായ കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെന്ന് വിശേഷിപ്പിച്ച കെ സി വേണുഗോപാല്‍ അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന സ്വരമാണ് നല്‍കിയതെന്നാണ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. നേരത്തെ കെ സി വേണുഗോപാലിനെതിരെ വിമര്‍ശനം ഉന്നയിച്ച പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

Read more

കാസര്‍ഗോഡിന്റെ പ്രീയങ്കരനായ എംപി ജനകീയനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നായിരുന്നു കെ സി വേണുഗോപാലിന്റെ പരാമര്‍ശം. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ സി കെഎസ്‌യു വഴി രാഷ്ട്രീയത്തിലെത്തിയ അനുഭവങ്ങള്‍ വിവരിച്ചായിരുന്നു പ്രസംഗം ആരംഭിച്ചത്. കെ സി വേണുഗോപാല്‍ ഗ്രൂപ്പുണ്ടാക്കുന്നുവെന്ന ആരോപണത്തെയും അദ്ദേഹം തള്ളി. പാര്‍ട്ടി തരാവുന്ന ഏറ്റവും വലിയ പദവി ഇതിനകം നേടിയെന്നും കേരളത്തിലെ തര്‍ക്കത്തിലേക്ക് തന്നെ വലിച്ചിറക്കരുതെന്നും അദ്ദേഹം പറഞ്ഞു.