'കൈയൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല'; കര്‍ശന നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മകളുടെ മുന്നില്‍ അച്ഛനെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോര്‍ട്ടു തേടി. കെഎസ്ആര്‍ടിസി എംഡിയോടെയാണ് റിപ്പോര്‍ട്ടു തേടിയത്. ഇന്നു തന്നെ റിപ്പോര്‍ട്ട് തരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ലഭിച്ചശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കയ്യൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു മന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റാണ് സംഭവിച്ചത്. തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ആന്റണി രാജു പറഞ്ഞു. വിദ്യാര്‍ത്ഥി ഒറ്റത്തവണ മാത്രമേ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുള്ളൂ. അത് അക്കാദമിക് വര്‍ഷത്തിന്റെ ആദ്യം നല്‍കിയാല്‍ മതി. അതിന്റെ പേരിലാണ് കണ്‍സഷന്‍ അനുവദിക്കാന്‍ കാലതാമസം ഉണ്ടായതെങ്കില്‍ ഉദ്യോഗസ്ഥന്‍ സമാധാനം പറയേണ്ടി വരും. ഇക്കാര്യത്തിലും വിശദമായ അന്വേഷണം ഉണ്ടാകും. കെഎസ്ആര്‍ടിസി ജനങ്ങളുടേതാണെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍. ആമച്ചല്‍ സ്വദേശി സ്വദേശി പ്രേമനെയാണ് മകള്‍ക്ക് മുന്നിലിട്ട് ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം.

ആമച്ചല്‍ സ്വദേശിയായ പ്രേമന്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കടയ ഡിപ്പോയില്‍ എത്തിയത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാല്‍ മാത്രമേ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കി നല്‍കൂ എന്ന് ജീവനക്കാര്‍ ഓഫീസില്‍ നിന്നും പ്രേമനോട് പറഞ്ഞു.

ഒരു മാസം മുന്‍പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമന്‍ പറഞ്ഞു. എന്നാല്‍ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമന്‍ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങള്‍ കൈയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.