ഉരുള്‍ പൊട്ടല്‍ ബാക്കിയാക്കിയ മണ്ണില്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലുകള്‍; ഉള്ളു പൊള്ളിച്ച് കവളപ്പാറയിലെ കാഴ്ച

വീണ്ടുമൊരു പ്രളയദുരിതത്തിലേക്ക് തള്ളി വിടപ്പെട്ടിരിക്കുകയാണ് കേരളം. മഴക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് മലപ്പുറം കവളപ്പാറയും നിലമ്പൂരും വയനാടുമെല്ലാം. ഉറ്റവരും ഉടയവരും മണ്ണിനടിയിലാണെന്നറിഞ്ഞ് ആര്‍ത്തലച്ചു കരയുകയാണ് പലരും. വയനാട്ടിലും കവളപ്പാറയിലുമാണ് മഴ സംഹാര താണ്ഡവമാടിയത്. കവളപ്പാറയില്‍ മാത്രം 36 വീടുകളാണ് ഒലിച്ചുപോയി. മൂന്ന് മൃതദേഹങ്ങള്‍ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 38 പേരെ കാണാതായി. 19 കുടുംബങ്ങളിലെ 41 പേരാണ് അപകടത്തില്‍പ്പെട്ടത്.

ഇപ്പോഴിതാ നെഞ്ചുപൊട്ടുന്ന മറ്റൊരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ബാക്കിയാക്കിയ ഭൂമിയില്‍ രണ്ടു കാലുകള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചു പോയ പ്രദേശത്താണ് വീണ്ടെടുക്കാന്‍ പോലുമാകാത്ത വിധം ഈ മൃതദേഹമുള്ളത്. രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായ പ്രദേശത്തു നിന്നാണ് ആ നെഞ്ചു നീറ്റുന്ന കാഴ്ച. പ്രദേശം ഏതെന്ന് വ്യക്തമല്ലെങ്കിലും കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രളയ ദുരിതത്തിന്റെ നേര്‍കാഴ്ചയായി മാറുകയാണ് ഈ ദൃശ്യങ്ങള്‍.