പ്രിയപ്പെട്ടവര്‍ ഈ മണ്ണിനടിയില്‍ വിറങ്ങലിച്ചു കിടക്കുമ്പോള്‍ മലയിറങ്ങുന്നതെങ്ങനെ; കണ്ണീരണിഞ്ഞ് കവളപ്പാറ

ഉരുള്‍പ്പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തിയിരിക്കുകയാണ്. മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണുനീക്കിയുമാണ് ഇവിടെ തിരച്ചില്‍ നടക്കുന്നത്. സൈന്യത്തിനൊപ്പം ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

രക്ഷാ ദൗത്യത്തിനിടെ വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടിച്ചിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ എട്ടുവയസ്സുകാരി അലീനയുടെ മൃതദേഹം പുറത്തെടുത്തു. മണ്ണിനടിയില്‍ അകപ്പെട്ട അമ്മയേയും കുഞ്ഞിനേയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. സൈന്യവും ഫയര്‍ഫോഴ്‌സും പൊലീസും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും എല്ലാം അടക്കം സംഘമായാണ് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മഴ മാറിനില്‍ക്കുന്നത് രക്ഷാദൗത്യത്തിന് വേഗം കൂട്ടിയിട്ടുമുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ടവര്‍ മണ്ണിനടിയില്‍ മരിച്ചു മരവിച്ച് കിടപ്പുണ്ടെന്ന തിരിച്ചറിവില്‍ പലരും ഇവിടെ തന്നെ തുടരുകയാണ്. മണ്ണിനടിയിലായ ഭാര്യയേയും മകനേയും അച്ഛനേയും ഒരുനോക്ക് കാണാന്‍ നില്‍ക്കുകയാണ് സുനില്‍. പെങ്ങളും മൂന്ന് കുട്ടികളും കാണാതായിട്ടുണ്ട്. അവരെ ഒന്നു കണ്ടാല്‍ എന്തെങ്കിലും ചെയ്യാമായിരുന്നു എന്നാണ് സുനില്‍ പറയുന്നത്. അവരിവിടെ ഇങ്ങനെ കിടക്കുമ്പോള്‍ ഞാനൊറ്റക്ക് മലയിറങ്ങുന്നതെങ്ങനെ എന്നാണ് സുനില്‍ ചോദിക്കുന്നത്. സുനിലിനെ പോലെ ഒട്ടെറെ ആളുകളാണ് ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട് കവളപ്പാറയില്‍ കഴിയുന്നത്. ചവിട്ടി നില്‍ക്കുന്ന ഭൂമിക്കടിയില്‍ അവരുണ്ടെന്ന തിരിച്ചറിവും തീരാദുഖവുമാണ് എല്ലാവര്‍ക്കും പങ്കുവയ്ക്കാനുള്ളതും.

സുനിലിന്റെ ഭാര്യയും മകനും അച്ഛനും പെങ്ങളും മൂന്ന് കുട്ടികളും ആണ് മണ്ണിനടിയിലായത്. അവരെ ഒന്നു കണ്ടാല്‍ എന്തെങ്കിലും ചെയ്യാമായിരുന്നു എന്നാണ് സുനില്‍ പറയുന്നത്. അവരിവിടെ ഇങ്ങനെ കിടക്കുമ്പോള്‍ ഞാനൊറ്റക്ക് മലയിറങ്ങുന്നതെങ്ങനെ എന്നാണ് സുനില്‍ ചോദിക്കുന്നത്. സുനിലിനെ പോലെ ഒട്ടെറെ ആളുകളാണ് ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട് കവളപ്പാറയില്‍ കഴിയുന്നത്. ചവിട്ടി നില്‍ക്കുന്ന ഭൂമിക്കടിയില്‍ അവരുണ്ടെന്ന തിരിച്ചറിവും തീരാദുഖവുമാണ് എല്ലാവര്‍ക്കും പങ്കുവയ്ക്കാനുള്ളതും.

വലിയ മണ്ണുമാന്തിയന്ത്രങ്ങളെത്തിച്ച് ഒരു തലയ്ക്കല്‍ നിന്ന് മണ്ണ് മാറ്റി പരിശോധിക്കുകയെ വഴിയുള്ളു എന്ന നിലപാടിലാണ് രക്ഷാപ്രവര്‍ത്തകരുടെ സംഘവും ഇപ്പോഴുള്ളത്. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാ പ്രവര്‍ത്തനം തുടരണമെന്ന് തന്നെയാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുള്ള പരിശ്രമാണ് സൈന്യം അടക്കം കവളപ്പാറയില്‍ നടത്തുന്നത്.