കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം. കര്‍ദ്ദിനാളിനെ അനുകൂലിച്ചെത്തിയ ഒരുവിഭാഗം യോഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി.

ഭൂമി വില്‍പന വിവാദത്തില്‍ അങ്കമാലി അതിരൂപയില്‍ പൊട്ടിത്തെറിയോടെയാണ് വിവാദത്തില്‍ വൈദികര്‍ രണ്ട് തട്ടിലായിരിക്കുന്നത്. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം പുകയുന്നത് പ്രകടമായിത്തുടങ്ങിയെങ്കിലും അത് സര്‍ക്കുലര്‍ പുറത്തിറങ്ങുന്നതിനോളം എത്തി. സ്വന്തം അതിരൂപതയിലെ മെത്രാപ്പോലീത്തയ്ക്കെതിരെയാണ് സഹായ മെത്രാന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്.

ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദ്ദിനാളിന്റെ വാദങ്ങളെ തള്ളുകയാണ് സര്‍ക്കുലര്‍. അതിരൂപതയുടെ ഭൂമി വിറ്റത് കാനോനിക സമിതികള്‍ അറിയാതെയാണ്. സഭയുടെ സ്വന്തമായ ഭൂമികള്‍ വില്‍ക്കുന്നതില്‍ സുതാര്യത ഉണ്ടായിരുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഭൂമി വില്‍പനയ്ക്ക് ശേഷം അതിരൂപതയുടെ കടം ഗണ്യമായി വര്‍ദ്ധിച്ചു. സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് കര്‍ദ്ദിനാളിനെതിരെ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്.