കാന്താ വേഗം പോകാം പൂരം കാണാന്‍ സില്‍വര്‍ ലൈനില്‍; തൃശൂരിലേക്കുള്ള നിരക്കുകള്‍ പരസ്യപ്പെടുത്തി കെ- റെയില്‍

നാളെ തൃശൂര്‍ പൂരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പരസ്യവുമായി കെ റെയില്‍. പൂരങ്ങളുടെ നാടായ തൃശൂരിലേക്ക് സഞ്ചരിക്കാന്‍ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വിശദീകരിച്ചു കൊണ്ടുള്ള പോസറ്റര്‍ ഫെയ്‌സബുക്കിലൂടെയാണ് കെ റെയില്‍ പങ്കുവെച്ചിരിക്കുന്നത്.

‘കാന്താ വേഗം പോകാം പൂരം കാണാന്‍ സില്‍വര്‍ലൈനില്‍’ എന്നാണ് പോസ്റ്ററിലെ പരസ്യ വാചകം. തിരുവനന്തപുരത്തു നിന്നും തൃശ്ശൂരിലേക്ക് 260 കിലോമീറ്ററാണ് സില്‍വര്‍ലൈന്‍ ദൂരം. 1 മണിക്കൂര്‍ 56 മിനിട്ട് കൊണ്ട് തലസ്ഥാനത്ത് നിന്നും തൃശൂരെത്തും. 715 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് 64 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അരമണിക്കൂര്‍ സമയമെടുക്കുകയുള്ളൂവെന്നും 176 രൂപയാണ് ടിക്കറ്റ് നിരക്കെന്നും കെ റെയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് നിന്ന് 44 മിനിട്ട്, കാസര്‍കോട് നിന്ന് 1 മണിക്കൂര്‍ 58 മിനിട്ട് എന്നിങ്ങനെയാണ് സമയം. യഥാക്രമം ഇവിടെ നിന്നും ടിക്കറ്റ് നിരക്കുകള്‍ 269 രൂപയും 742 രൂപയുമാണ്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് 44 മിനിറ്റും കാസര്‍ഗോഡ് നിന്നും തൃശ്ശൂരിലേക്ക് 742 രൂപയുമാണ്.