കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനം; ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച സംഭവത്തില്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശവും നല്‍കി. ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് പരിഗണിക്കും.

വി.സിയുടെ പുനര്‍നിയമനം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടത്തിയത് എന്ന കാണിച്ചുകൊണ്ട് കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് അംഗം ഡോ. ഷിനോ. പി ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. യുജിസി ചട്ടങ്ങളും സര്‍ക്കാരിന്റെ നിലപാടും ചേര്‍ന്നു പോകുന്നതല്ലെന്ന് അപ്പീലില്‍ ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ചട്ടപ്രകാരം 60 വയസ് കഴിഞ്ഞയാളെ വി.സിയായി നിയമിക്കാനാവില്ലെന്നും നിയമനത്തിന് യു.ജി.സി മാര്‍ഗ നിര്‍ദ്ദേശ പ്രകാരമുള്ള സെലക്ഷന്‍ കമ്മിറ്റിയടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നുമായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്. എന്നാല്‍ ഇപ്പോഴത്തേത് പുനര്‍നിയമനമാണെന്നും നിയമനവും പുനര്‍നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.