കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിനു നഷ്ടമായി

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്ടമായി. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് യു.ഡി.എഫിനെ പിന്തുണച്ചു. 26 നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്.

അന്‍പത്തിയഞ്ച് അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്. പി.കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരു എല്‍.ഡി.എഫ് കൗണ്‍സിലര്‍ കഴിഞ്ഞയാഴ്ച മരിച്ചതോടെ എല്‍.ഡി.എഫ് അംഗബലം 26 ആയി ചുരുങ്ങി. പി.കെ രാഗേഷ് കൂടി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതോടെ യു.ഡി.എഫ് പ്രമേയം പാസാവുകയായിരുന്നു.

അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനു മുന്നോടിയായി യു.ഡി.എഫ് പി.കെ രാഗേഷുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നു. പിന്തുണ ഉറപ്പിച്ച ശേഷമാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.