കണ്ണൂര്‍ ചാവശ്ശേരിയിലെ ബോംബ് സ്‌ഫോടനം നിര്‍ഭാഗ്യകരം; സമാധാനം തകര്‍ക്കുന്നത് ആര്‍.എസ്.എസും എസ്.ഡി.പി.ഐയുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ ചാവശ്ശേരിയില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് അസം സ്വദേശികള്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കണ്ണൂരില്‍ ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളും ആവര്‍ത്തിക്കുന്നതില്‍, ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സണ്ണി ജോസഫാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബോംബ് നിര്‍മിച്ചത് ആരെന്നും ആരെ ലക്ഷ്യമിട്ടെന്നും കണ്ടെത്തണം. സ്‌ഫോടനം നടന്നത് സി.പി.എം കേന്ദ്രത്തിലാണ്. സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ പാര്‍ട്ടി രക്തസാക്ഷികളാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു.

അതേസമയം നാടിന്റെ സമാധാനം മുഖ്യമായും തകര്‍ക്കുന്നത് ആര്‍എസ്എസും എസ്ഡിപിഐയും ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണ്. ദൗര്‍ഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Read more

വിഷയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഉള്ളത് പറയുമ്പോള്‍ കള്ളിയ്ക്ക് തുള്ളല്‍ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ബോംബോംബ് സ്‌ഫോടന സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.