നഴ്‌സായി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടിയും എംപിയുമായ കങ്കണ റണാവത്ത് നടത്തിയ വിവാദപരാമര്‍ശത്തിന് പിന്നാലെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഒരു എംപി എന്ന പദിവിയിലിരിക്കെ നടി നടത്തിയ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കടുത്ത നടപടി വേണമെന്നുമാണ് പരാതിയിൽ പറയുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാവും ഒരു നഴ്‌സിന്റെ മകനുമായ വിനീത് തോമസാണ് കത്ത് നല്‍കിയത്. ഇന്ത്യയിലെ നഴ്‌സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്നും വിദേശ രീതിയിലുള്ള വേഷം മാറേണ്ടതുണ്ടെന്നുമാണ് കങ്കണ പറഞ്ഞത്. അതേസമയം കങ്കണയുടെ പരാമര്‍ശത്തിനെതിരെ നഴ്‌സുമാരുടെ സംഘടനകള്‍ അടക്കം പ്രതിഷേധം രേഖപ്പെടുത്തി.
ഇന്നലെ രാത്രി ഛത്തീസ്ഗഡില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ അഭിപ്രായം നഴ്‌സുമാര്‍ പറയട്ടെ എന്നായിരുന്നു കങ്കണയുടെ മറുപടി. അതേസമയം കങ്കണയുടെ പരാമര്‍ശത്തിന് ബിജെപി നേതാക്കള്‍ പിന്തുണ അറിയിച്ചു. നഴ്‌സുമാരുടെ വേഷം ഇന്ത്യന്‍ രീതിയിലേക്ക് മാറ്റണമെന്ന് ടിആര്‍ ശ്രീനിവാസ് ആവശ്യപ്പെട്ടു. വിവാദമായെങ്കിലും പരാമര്‍ശം പിന്‍വലിക്കാന്‍ നടി തയ്യാറായില്ല.