പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം പിൻവലിക്കണം; കാനം രാജേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) 2020 കരട് വിജ്ഞാപനം  പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രൻ കേന്ദ്രത്തിന് കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർക്കുമാണ് കാനം കത്തയച്ചത്. കോർപറേറ്റുകളെ സഹായിക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കാനം ആവശ്യപ്പെടുന്നു.

പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന നിലവിലെ കരട് പരിസ്ഥിതി ചട്ടങ്ങളെ ദുർബലപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കും. പരിസ്ഥിതി സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമോ എന്ന പരിശോധന കൂടാതെ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ് പുതിയ വിജ്ഞാപനം. ഭാവിയിൽ ഇത് രാജ്യത്തിന് ഗുണകരമാവില്ല. പുതിയ വിജ്ഞാപനത്തിൽ കൂടുതൽ പിഴവുകളുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസാന ദിവസം ഇന്ന്. വിജ്ഞാപനത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ വരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.

ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമവിജ്ഞാപനം ഇറക്കുക. മാര്‍ച്ച് 23-നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രിൽ 11-നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ കൂടി പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന നിര്‍ദ്ദേശങ്ങൾ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവും കേന്ദ്രം പാലിച്ചിട്ടില്ല.