'വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥിയോട് തോല്‍ക്കാനായിരിക്കും രാഹുല്‍ഗാന്ധിയുടെ വിധി'; പി.പി സുനീറിനെ മത്സരത്തില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് കാനം രാജേന്ദ്രന്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫിനായി മത്സരിച്ചാലും വയനാട്ടിലെ സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുല്‍ ഗാന്ധി എത്തിയാലും വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി പി സുനീറിന് വിജയമുറപ്പാണെന്നും അദേഹം പറഞ്ഞു. എല്‍ഡിഎഫിനെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോണ്‍ഗ്രസ് നയം തെറ്റാണ്.

സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നാളെ തീരുമാനമെടുത്തേക്കും. നാളെ ദില്ലിയില്‍ ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

വയനാട്ടിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നതിനേക്കാള്‍ ഉചിതം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നതാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.