ആർ.എസ്.എസിൽ നിന്നും വിട്ടതിന് വെട്ടിക്കൊലപ്പെടുത്തി; ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കോടതി

 

കൊല്ലം കടവൂർ ജയൻ വധക്കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. പ്രതികൾക്ക് എന്ത് ശിക്ഷയാണ് നൽകുക എന്ന് കോടതി തിങ്കളാഴ്ച വിധിക്കും. സംഘടനയിൽ നിന്ന് വിട്ടുപോയതിന് ആർ.എസ്.എസുകാർ ജയനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.

2012 ഫെബ്രുവരി 7- നാണ് കടവൂർ സ്വദേശിയും ആർ.എസ്.എസിന്റെ മുൻപ്രവർത്തകനുമായിരുന്ന ജയനെ ഒമ്പത് അംഗ സംഘം പകൽസമയത്ത് വെട്ടിക്കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് എട്ടുവർഷത്തോളം വിചാരണ നടന്നു. ആറു മാസങ്ങൾക്ക് മുമ്പ് കേസിന്റെ വിധി ഉണ്ടായെങ്കിലും ആ വിധിയെ ചോദ്യം ചെയ്തു കൊണ്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പൊലീസിന്റെ പ്രധാന സാക്ഷി കള്ളസാക്ഷി ആണെന്നും. കൊലക്ക് ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ആയുധങ്ങൾ കൊലയ്ക്ക് ഉപയോഗിക്കുന്നവയല്ല എന്നുമുള്ള വാദങ്ങളാണ് ഹൈക്കോടതിയിൽ പ്രതികൾ ഉന്നയിച്ചത്. തുടർന്നാണ് വീണ്ടും വിചാരണ നടന്നത്. വിചാരണക്കൊടുവിൽ ഒമ്പത് പേരും കുറ്റക്കാരാണെന്ന് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തുകയായിരുന്നു.