മന്ത്രി കെ. ടി ജലീലിന്റെ ഫോൺ ഹാക്ക് ചെയ്തു; യാസിർ എടപ്പാളിന് എതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ

Advertisement

മന്ത്രി കെ.ടി ജലീലന്റെ ഫോൺ ഹാക്ക് ചെയ്തെന്ന യാസിർ എടപ്പാളിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രം​ഗത്ത്.

യാസിർ എടപ്പാളിന്റെത് ​ഗുരുതരമായ വെളിപ്പെടുത്തലാണെന്നും കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.

ഇന്നലെ മലയാളം ചാനലുകളിൽ നടന്ന ചർച്ചക്കിടയിലാണ്‌ യാസിർ എടപ്പാൾ എന്ന മുസ്ലിം ലീഗ്‌ സൈബർ പോരാളി ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രിയുടെ ഫോൺ ലീഗ്‌ സൈബർ ഗ്രൂപ്പുകൾ ഹാക്ക്‌ ചെയ്‌തുവെന്നും പല വിവരങ്ങളും ചോർത്തിയെന്നും പറയുന്നു.

ഫോൺ ഹാക്ക്‌ ചെയ്‌തെങ്കിലും വാട്‌സ്‌ആപ്പ്‌ വിവരങ്ങൾ മാത്രമാണ്‌ ചോർത്താനായത്‌. താൻ യുഎഇയിൽ ആണെന്നും അതുകൊണ്ട്‌ ഈ പറഞ്ഞതിന്‌ കേസ്‌ വരില്ലെന്നും യാസിർ പറയുന്നു.

എ.എ റഹീം ഫെയ്സ്ബുക്ക് കുറിപ്പ്

ഗുരുതരമായ വെളിപ്പെടുത്തലാണ് ഇത്.
കേസ് എടുത്ത് അന്വഷിക്കണം.
മന്ത്രി കെ ടി ജലീലിന്റെ വാട്സ് ആപ്പ്
ഹാക്ക് ചെയ്ത കാര്യമാണ് ഇയാൾ വെളിപ്പെടുത്തുന്നത്.
മുസ്ലിം ലീഗിന്റെ ഐടി സെൽ ആണ് ഹാക്കിംഗ് നടത്തിയത് എന്നും ഈ വെളിപ്പെടുത്തൽ വീഡിയോയിലുണ്ട്. ഹാക്ക് ചെയ്തപ്പോൾ കണ്ടതും കേട്ടതുമായ സ്വകാര്യ സന്ദേശങ്ങളും അയാൾ വിളിച്ചു പറയുന്നുണ്ട്.
മറ്റ് മന്ത്രിമാരുടെയും രാഷ്ട്രീയ എതിരാളികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണും സമാനമായി ഹാക്ക് ചെയ്തിട്ടുണ്ടാകാം. അതീവ ഗുരുതരമായ ക്രിമിനൽ കുറ്റമാണ് സംസ്ഥാനത്ത് ലീഗ് നേതൃത്വം നടത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന ഒരാളെ മുന്നിൽ നിർത്തി മന്ത്രി കെ ടി ജലീലിനെ അക്രമിക്കാൻ ശ്രമിച്ച മാധ്യമങ്ങൾ തെറ്റ് തിരുത്തണം.