ട്രാൻസ്‌ജെൻഡർ പ്രവേശനം :അൽഫോൻസാ കോളജിന് മാത്രമായി ഇളവ് നൽകാനാകില്ലെന്ന് മന്ത്രി ജലീൽ

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാനാവില്ലെന്ന പാലാ അൽഫോൻസാ കോളജിന്റെ നിലപാട് തള്ളി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ഒരു കോളജിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി അപേക്ഷിച്ചാല്‍ പ്രവേശനം നല്‍കണമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

വനിതാ കോളജായതിനാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അനുവദിച്ച അധിക സീറ്റ് നല്‍കാനാവില്ലെന്നായിരുന്നു അല്‍ഫോൻസാ കോളജിന്റെ നിലപാട്. എന്നാല്‍, സംസ്ഥാനത്തെ എല്ലാ കോളജുകളിലെ എല്ലാ കോഴ്‌സുകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി സീറ്റ് അനുവദിച്ച ഉത്തരവില്‍ ഉറച്ചുനില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രണ്ട് സീറ്റാണ് സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സംവരണ സീറ്റായി പ്രഖ്യാപിച്ചിട്ടുള്ളത്. വനിതാ കോളജുകള്‍ക്ക് പ്രത്യേക പരിഗണന ഉത്തരവിലില്ല. അതിനാല്‍ ഒരു കോളജിനോട് മാത്രമായി വിവേചനപരമായ നിലപാട് സർക്കാരിനില്ലെന്ന് കെ.ടി ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോളജുകളിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവേശനത്തിനെതിരെ വനിതാ കോളജായ അൽഫോൻസാ കോളജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംവരണം നടപ്പിലാക്കിയാല്‍ കോളജിന്റെ വ്യക്തിത്വം നഷ്ടപ്പെടുമെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന വാദം. ട്രാന്‍സ്‌ജെന്‍ഡറുകളെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുത്തി പഠിപ്പിച്ചാല്‍ കോളജിന്റെ പഠനാന്തരീക്ഷവും പാരമ്പര്യവും മാറുമെന്ന വിചിത്രവാദവുമാണ് കോളജ് മാനേജ്‌മെന്റ് ഹര്‍ജിയില്‍ പറയുന്നത്. ഉത്തരവ് നടപ്പിലാക്കുന്നതില്‍ നിന്ന് കോളജിന് ഇളവ് നല്‍കണമെന്നും കേസ് തീര്‍പ്പാകുന്നതു വരെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി പരിഗണിച്ച കോടതി, അന്തിമ തീരുമാനം സര്‍ക്കാരിനു വിടുകയായിരുന്നു. കോളജിന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.