വിശുദ്ധഗ്രന്ഥത്തെ മുന്നില്‍ വെച്ച് സ്വര്‍ണക്കടത്ത് കേസിനെ വര്‍ഗീയവത്കരിക്കാന്‍ സി.പി.എം ശ്രമിക്കുന്നു; ജലീലിന്റെ ഇരവാദം വിലപ്പോവില്ലെന്ന് കെ. സുരേന്ദ്രന്‍

Advertisement

വിശുദ്ധഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും മറവില്‍ മന്ത്രി കെ.ടി. ജലീല്‍ സ്വര്‍ണക്കള്ളടത്ത് തന്നെയാണ് നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിശുദ്ധഗ്രന്ഥത്തെ മുന്നില്‍ വെച്ച് സ്വര്‍ണക്കടത്ത് കേസിനെ വര്‍ഗീയവത്കരിക്കാന്‍ സി.പി.എം ആസൂത്രിതമായ ശ്രമം നടത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി നേട്ടമുണ്ടാനുള്ള ശ്രമം അപകടരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജലീലിനെ സി.പി.എം മതത്തിന്റെ പ്രതീകമായി ഉയര്‍ത്തി കാണിക്കുന്നു. സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാമെന്ന വ്യാമോഹമാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളത്. ഈ വര്‍ഗീയ രാഷ്ട്രീയം സി.പി.എമ്മിന് വലിയ തിരിച്ചടി നല്‍കും. എന്‍.ഐ.എ ചോദ്യംചെയ്യലിന് ശേഷം താന്‍ വേട്ടയാടപ്പെടുകയാണെന്ന പ്രതീതി ജനിപ്പിക്കുന്ന ജലീലിന്റെ ഇരവാദം പരിതാപകരവും അപഹാസ്യവുമാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കേസിലെ വെറും സാക്ഷിയെന്ന ജലീലിന്റെയും സിപിഎമ്മിന്റേയും വാദം അടിസ്ഥാനരഹിതമാണ്. എന്‍.ഐ.എ ഉള്‍പ്പെടെയുള്ള ഒരു ഏജന്‍സിയും ജലീലിന് ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ ഇനിയും ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കാം. എന്നാല്‍ അതെല്ലാം മറച്ചുവെച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ രക്തസാക്ഷി പരിവേഷം നേടാനുള്ള വിഫലശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. കിം ജോങ് ഉന്നിന്റെ പ്രേതമാണ് പിണറായിയെ വേട്ടയാടുന്നത്. സര്‍ക്കാര്‍ എത്ര കേസെടുത്താലും ജനങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കും. സമരത്തെ പരാജയപ്പെടുത്താമെന്ന സി.പി.എമ്മിന്റെ ആഗ്രഹം കേരളത്തില്‍ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് ജലീല്‍ പ്രതികരിച്ചു. ജലീല്‍ വിഷയത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കെ  ഇന്ന് ഇടതുമുന്നണി യോഗം ചേരും.  യോഗത്തിന് മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഘടകക്ഷിനേതാക്കളുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി. സർക്കാരിനെ ഇകഴ്ത്താൻ പ്രതിപക്ഷം ഖുർആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി.