ബംഗാളിലും ത്രിപുരയിലും ചെലവായ പരിപ്പ് കേരളത്തിലും ചെലവാകും; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ. സുരേന്ദ്രൻ

ബംഗാളിലും ത്രിപുരയിലും ചെലവായ പരിപ്പ് കേരളത്തിലും ചെലവാകുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ‍. ബിജെപിയുടെ പരിപ്പ് കേരളത്തിൽ ചെലവാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു സുരേന്ദ്രൻ.

സിപിഎമ്മിന് വേരോട്ടമുള്ള സ്ഥലങ്ങളിലൊക്കെ ബിജെപി ജയിച്ചു വരികയാണ്. അതുപോലെ കേരളവും ബിജെപിക്ക് ബാലികേറാമലയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി അന്തസ്സ് മറന്ന് പെരുമാറുന്നുവെന്നും സുരേന്ദ്രൻ വിമർശിച്ചു. ബിജെപി കേരളത്തിൽ വളരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ വിലയിരുത്തിയതാണെന്നും പത്രസമ്മേളനത്തിൽ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

കിഫ്ബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പാർട്ടിക്കാരല്ലെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.

ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തിട്ട് മാസങ്ങളായി. ഭീഷണിപ്പെടുത്തിയെന്ന് അന്ന് പറഞ്ഞില്ല. തെറ്റ് ചെയ്തെന്ന മനസ്സാക്ഷിക്കുത്താണ് ബഹളം വെയ്ക്കാൻ കാരണം

ഭീരുത്വം മൂലമാണ് പിണറായി വിജയൻ ഭീഷണികൾ മുഴക്കുന്നത്. വാദം പൊളിയുമ്പോൾ ബഹളംവെയ്ക്കുന്ന രീതി പിണറായി വിജയൻ അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.