'ന്യൂനപക്ഷ വര്‍ഗീയത അപകടകരമല്ലെന്ന നിലപാട് പോപ്പുലര്‍ ഫ്രണ്ടിനുള്ള പരസ്യ പിന്തുണ', എം. വി ഗോവിന്ദന് എതിരെ കെ. സുരേന്ദ്രന്‍

ന്യൂനപക്ഷ വര്‍ഗീയത അപകടകരമല്ലെന്ന സിപിഎം നിലപാട് പോപ്പുലര്‍ ഫ്രണ്ടിനുള്ള പരസ്യ പിന്തുണയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭൂരിപക്ഷ വര്‍ഗീയതയും, ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ അപകടകരമാണ് എന്നായിരുന്നു സിപിഎമ്മിന്റെ നേരത്തെയുള്ള നിലപാട്. ഇപ്പോളത്തെ നിലപാട് മതഭീകരവാദികളുമായി ചേര്‍ന്ന് സംസ്ഥാനത്ത് സിപിഎം ഉണ്ടാക്കാന്‍ പോകുന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പരസ്യമായിട്ടുള്ള പ്രഖ്യാപനമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തുടനീളം അക്രമങ്ങള്‍ നടത്തുകയാണ്. അന്താരാഷ്ട്ര മതഭീകരവാദത്തിന്റെ ഇന്ത്യയിലെ ഘടകമാണ് പോപ്പുലര്‍ ഫ്രണ്ട്. അവര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.

പൊലീസ് നിഷ്‌ക്രിയമായതിനാലാണ് പോപ്പുലര്‍ ഫ്രണ്ടിന് ആക്രമണം നടത്താന്‍ സാധിക്കുന്നത്. മതഭീകരവാദത്തെ പച്ചയായി വെള്ള പൂശുകയാണ് സിപിഎം നേതൃത്വം എന്ന് സുരേന്ദ്രന്‍ തുറന്നടിച്ചു. കൊലയാളികളെ സംരക്ഷിക്കുന്ന ഭരണകൂടമാണ് സംസ്ഥാനം ഭരിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയത അപകടകരമല്ലെന്ന് പറഞ്ഞ് നിലവിലുള്ള ഭീകരവാദ ശക്തികളെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണ്.

എംവി ഗോവിന്ദന്റെ പ്രസ്താവന വ്യക്തിപരമാണോ അതോ പാര്‍ട്ടിയുടെ അടിസ്ഥാനതലത്തിലുള്ള നയം മാറ്റമാണോ എന്ന് സിപിഎം നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയനും, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണനും മറുപടി നല്‍കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ആര്‍എസ്എസ്സിനും ബിജെപിക്കും മാത്രമല്ല നാടിന് തന്നെ ഭീഷണിയാണ്. സഞ്ജിത്ത് വധകേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാനാണ്. സിപിഎമ്മിന്റെത് കേരളത്തെ കശ്മീരാക്കുന്ന നിലപാടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയത ഉണ്ടാക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും പരസ്പരം ശക്തിപ്പെടുത്തുന്നതാണ്. രണ്ടും ജനങ്ങള്‍ക്ക് ഭീഷണിയാണ്.

ഭൂരിപക്ഷ വര്‍ഗീയതയാണ് രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഭാഗം തന്നെയാണ് ന്യൂനപക്ഷ വിരോധം. ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായിട്ടാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നത്. പൊലീസും സര്‍ക്കാരും വിചാരിച്ചാല്‍ ഇത് അവസാനിപ്പിക്കാന്‍ പറ്റില്ല. ഇത് അവസാനിപ്പിക്കണമെന്ന് വര്‍ഗീയ ശക്തികള്‍ തന്നെ തീരുമാനിക്കണമെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.