'ഇന്നലെ ബാലരാമപുരത്ത് ലവ് ജിഹാദിന് ഇരയായി തിരിച്ചു വന്നത്  അമ്പതോളം പെണ്‍കുട്ടികൾ';  യു.ഡി.എഫും എല്‍.ഡി.എഫും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് കെ.സുരേന്ദ്രൻ

സര്‍വമത കക്ഷികളുടെ യോഗം വിളിക്കേണ്ടത് കോണ്‍ഗ്രസ് അല്ല സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മത സാമുദായിക നേതാക്കളുടെ യോഗം വിളിക്കാന്‍ കോണ്‍ഗ്രസ് പറയുന്നുണ്ട്. എന്നാല്‍ പാലാ ബിഷപ് പറഞ്ഞ വസ്തുതകളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് യുഡിഎഫും എല്‍ഡിഎഫുമാണ്. രണ്ട് പാര്‍ട്ടികളും മത ഭീകരവാദ ശക്തികളെ തൃപതിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഒരു വശത്ത് വിഎന്‍ വാസവനെ പാലാ ബിഷപിന്റെ അടുത്തേക്ക് അയച്ച് സമാധാനപ്പെടുത്തി മറുവശത്ത് വര്‍ഗീയ ശക്തികളോട് അനുരജ്ഞനത്തിന് ശ്രമിക്കുകയാണ് സിപിഐഎം ചെയ്തത്. പാലാ ബിഷപ് ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താല്‍ കോണ്‍ഗ്രസിനും സിപിഐഎംമ്മിനും കൈപൊളളും എന്ന് ഉറപ്പാണ്. പാലാ ബിഷപ് പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്.

ഇന്നലെ തിരുവനന്തപുരം ബാലരാമപുരത്ത് അമ്പതോളം പെണ്‍കുട്ടികളാണ് ലവ് ജിഹാദിന് ഇരയായി കൊണ്ട് തിരിച്ചു വന്നിരിക്കുന്നത്. ഇത് സംസ്ഥാനം മുഴുവനായുളള സ്ഥിതിയെ ആണ് കാണിക്കുന്നത്. ലവ് ജിഹാദ്,നാര്‍കോട്ടിക് ജിഹാദ് എന്നീ ഗൗരവമായ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം. പാലാ ബിഷപ് ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങളോടുളള നിലപാട് രണ്ട് പാര്‍ട്ടികളും വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി ഒരിക്കലും എരിതീയില്‍ എണ്ണ ഒഴിച്ചിട്ടല്ല പാലാ ബിഷപ് പ്രതികരണം നടത്തിയത്. ക്രൈസ്തവ സഭകളില്‍ മഹാ ഭൂരിപക്ഷവും ഈ നിലപാടുകാരാണ്. ഈ പ്രശ്നം ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. സര്‍ക്കാര്‍ പ്രശ്നത്തെ മൂടി വെച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തര സര്‍വകക്ഷി യോഗം വിളിക്കട്ടെ. മത സാമുദായിക സംഘടനകളുടെ യോഗം കെ.സുധാകരന്‍ വിളിക്കേണ്ടതില്ല പിണറായി വിജയന്‍ വിളിക്കട്ടെ എന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.