പത്തനംതിട്ടയ്ക്കായുള്ള പിടിവലിയില്‍ ശ്രീധരന്‍ പിള്ള തെറിച്ചു; കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്

ബിജെപി ‘എ’ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന പത്തനംതിട്ടയ്ക്കായുള്ള പിടിവലിയില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പുറത്തായെന്ന് റിപ്പോര്‍ട്ട്. മണ്ഡലത്തില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അമിത് ഷാ അന്തിമ തീരുമാനം എടുക്കും. സുരേന്ദ്രന് അനുകൂലമായി ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയ്ക്കായി നേതാക്കളുടെ പിടിവലി പരസ്യമായിരുന്നു. പത്തനംതിട്ടയില്‍ സുരേന്ദ്രനായി അനുകൂലികള്‍ പരസ്യമായി ക്യാമ്പയിന്‍ നടത്തിയിരുന്നു. പ്രവര്‍ത്തകരുടെ ഇത്തരം വികാരങ്ങളും എതിര്‍പ്പുകളുമെല്ലാം ചര്‍ച്ചയായെന്ന് കേന്ദ്ര തിരഞ്ഞടുപ്പ് സമിതി യോഗത്തിന് ശേഷം ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് വ്യക്തമാക്കി

ഓരോ മണ്ഡലത്തിന്റെയും വിജയസാധ്യത കേന്ദ്ര നേതൃത്വം പരിശോധിച്ചു. സംസ്ഥാന ഘടകം സമര്‍പ്പിച്ച പട്ടിക ഇതിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.