അച്ചടക്കമുള്ള ഒരു പാർട്ടിയായി കോൺഗ്രസിനെ നിങ്ങൾക്ക് കാണാം; ​ഗ്രൂപ്പുകൾ അവസാനിപ്പിക്കുക ലക്ഷ്യമെന്നും കെ. സുധാകരൻ

അച്ചടക്കമുള്ള ഒരു പാർട്ടിയുമായി കോൺഗ്രസിനെ നിങ്ങൾക്ക് കാണാനാവുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. എതിർപ്പിന്റെ ഒരു ചലനവും കോൺഗ്രസിനകത്തില്ലെന്നും സംഘടനാ ദൗർബല്യങ്ങലെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുന:സംഘടനയിലൂടെ താഴെത്തട്ട് മുതൽ മേലെത്തട്ട് വരെ പുതിയ നേതൃത്വം കൊണ്ടുവരുമെന്നും പാർട്ടി വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ സുധാകരൻ കൂട്ടിചേർത്തു.

കോൺഗ്രസിന്റെ സാന്നിദ്ധ്യം അനിവാര്യമായ ഈ ചുറ്റുപാടിൽ, കോൺഗ്രസ് ദുർബലമാകുന്നുയെന്നത് ദുഃഖകരമാണെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തകർ എല്ലാം തനിക്കൊപ്പമുണ്ടാകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

ഗ്രൂപ്പ് ഇനി കോൺഗ്രസ് പാർട്ടിക്കകത്ത് നടപ്പില്ലെന്നും, ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തൻറെ ലക്ഷ്യമെന്നും കണ്ണൂരിൽ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ കെ സുധാകരൻ പറഞ്ഞു.

അതേസമയം പുതിയ കെപിസിസി പ്രസിഡൻറായി കെ സുധാകരൻ ജൂൺ 16ന് ഔദ്യോഗികമായി ചുമതലയേൽക്കും. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് ചുമതലയേൽക്കുക.

Read more

സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് കെ സുധാകരൻ നൽകുന്നത്.